ദോഹ: കഴിഞ്ഞദിവസം നടന്ന ഏഷ്യാകപ്പ് റൈസിങ് സ്റ്റാർ ടൂർണമെന്റിൽ എട്ടുവിക്കറ്റിന് ഇന്ത്യ പാക്കിസ്ഥാൻ ഷഹീൻസിനോട് പരാജയപ്പെട്ടെങ്കിലും വൈറലായി ഇന്ത്യൻ കൗമാരതാരത്തിന്റെ മറുപടി. ഇന്ത്യയെ 136 റൺസിന് എറിഞ്ഞിട്ട പാക്കിസ്ഥാൻ 13.2 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. കൗമാരതാരം വൈഭവ് സൂര്യവംശിയാണ് ഇന്ത്യ എയുടെ ടോപ് സ്‌കോറർ. താരം ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചെങ്കിലും വിക്കറ്റുകൾ ഓരോന്നായി വീണുതുടങ്ങിയത് ടീമിന് തിരിച്ചടിയായി. മത്സരത്തിനിടെ വൈഭവും പാക് ബൗളർ ഉബൈദ് ഷായും തമ്മിൽ ചെറിയ വാക്ക്തർക്കവുമുണ്ടായി. ഇതാണു ഇപ്പോൾ സമൂഹ മാധ്യമത്തിൽ ചർച്ചയാകുന്നത്.
സംഭവം ഇങ്ങനെ- ഉബൈദ് എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്ത് തന്നെ ഫോറടിച്ചാണ് വൈഭവ് സൂര്യവംശി തുടങ്ങിയത്. ഇന്നിങ്‌സിലെ രണ്ടാം ഓവറിലും താരം ബൗണ്ടറി നേടി. വൈഭവ് പഴയ ഫോമിൽ നിൽക്കേ ഉബൈദ് മൂന്നാം ഓവർ എറിയാനായെത്തി. പ്രിയാൻഷ് ആര്യ സ്‌ട്രൈക്ക് കൈമാറിയതിനെ തുടർന്ന് വൈഭവും ഉബൈദും നേർക്കുനേർവന്നു. എന്നാൽ മൂന്നാം പന്താകട്ടെ വൈഭവിന് റണ്ണൊന്നുമെടുക്കാനായില്ല. പിന്നാലെ ഉബൈദ് വൈഭവിനോട് എന്തൊക്കെയോ പറഞ്ഞു. ഇതുകേട്ടയുടനെ വൈഭവ് പാക് താരത്തിന് മറുപടിയും നൽകി.
‘പോയി പന്തെറിയൂ’ എന്നായിരുന്നു കൗമാരതാരത്തിന്റെ മറുപടി. വൈഭവിന്റെ വാക്കുകൾ സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്തു. അടുത്ത പന്തിലാകട്ടെ വൈഭവ് ബൗണ്ടറി പായിച്ച് ഉബൈദിനു തക്ക മറുപടി നൽകുകയും ചെയ്തു. മത്സരത്തിൽ തകർത്തടിച്ച താരം പത്താം ഓവറിലാണ് മടങ്ങിയത്. 28 പന്തിൽ നിന്ന് 45 റൺസായിരുന്നു താരത്തിന്റെ സംഭാവന. ടൂർണമെന്റിലെ ആദ്യമത്സരത്തിൽ യുഎഇക്കെതിരേ വൈഭവ് 42 പന്തിൽ 144 റൺസ് നേടിയിരുന്നു. അതേസമയം ടോസിടുമ്പോൾ ഇന്ത്യ- പാക് ക്യാപ്റ്റൻമാർ മുഖം കൊടുക്കാതെ നിന്നതും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. വനിതാ ലോകകപ്പിലും, ഏഷ്യാ കപ്പിലും ഇന്ത്യൻ താരങ്ങൾ പാക് താരങ്ങൾക്ക് കൈകൊടുക്കാതെ പിരിഞ്ഞത് ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ചയായിരുന്നു.

















































