ലാഹോർ: പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയെ പരിഹസിച്ച് മുൻ ക്രിക്കറ്റ് താരവും രാഷ്ട്രീയ നേതാവുമായ ഇമ്രാൻ ഖാൻ. ഇന്ത്യക്കെതിരെ ഒരു ക്രിക്കറ്റ് മത്സരമെങ്കിലും ജയിക്കണമെങ്കിൽ ഇനി ഒരു വഴിയേയുള്ളു നഖ്‌വിയും സൈനിക മേധാവി ആസിം മുനീറും ഓപ്പണിങ് ബാറ്റർമാരായി ഇറങ്ങണം. ദുബായിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ, പാക്കിസ്ഥാനെ രണ്ട് മത്സരങ്ങളിലും പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് ഇമ്രാൻ ഖാൻറെ പരിഹാസം.
മുൻ പ്രധാനമന്ത്രിയുടെ സഹോദരി അലീമ ഖാൻ തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇമ്രാൻറെ വാക്കുകൾ പങ്കുവെച്ചത്. ഇനി ഇന്ത്യക്കെതിരെ വിജയിക്കാനുള്ള ഒരേയൊരു വഴി സൈനിക മേധാവി ജനറൽ മുനീറും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ നഖ്‌വിയും ഓപ്പണിങ് ബാറ്റർമാരാവുകയെന്നതാണ്. മുൻ പാക് ചീഫ് ജസ്റ്റിസ് ഖാസി ഫായിസ് ഈസ, ചീഫ് ഇലക്ഷൻ കമ്മീഷണർ സിക്കന്ദർ സുൽത്താൻ രാജ എന്നിവർ അമ്പയർമാരാകണമെന്നും ഇമ്രാൻ നിർദ്ദേശിച്ചു. അതുമാത്രം പോരാ മൂന്നാം അമ്പയറായി ഇസ്ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സർഫറാസ് ഡോഗർ ഉണ്ടാകണമെന്നും ഇമ്രാൻ പറഞ്ഞുവെന്ന് അവർ കൂട്ടിച്ചേർത്തു.
പാക്കിസ്ഥാൻ ടീം ഇന്ത്യയോട് തുടർച്ചയായി രണ്ടുതവണ തോറ്റതിനെക്കുറിച്ച് താൻ സഹോദരനെ അറിയിച്ചപ്പോഴാണ് ഇമ്രാൻ ഇത് പറഞ്ഞതെന്നും അലീമ പറഞ്ഞു.
അതേസമയം 1992-ൽ പാക്കിസ്ഥാന് ഏകദിന ലോകകപ്പ് കിരീടം നേടിക്കൊടുത്ത ഇമ്രാൻ, പാക്കിസ്ഥാൻ ക്രിക്കറ്റിൻറെ തകർച്ചയ്ക്ക് കാരണം മൊഹ്‌സിൻ നഖ്‌വിയുടെ കഴിവില്ലായ്മയും സ്വജനപക്ഷപാതവുമാണെന്നും ആരോപിച്ചു. 2024 ഫെബ്രുവരിയിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ ചീഫ് ജസ്റ്റിസ് ഈസയുടെയും ചീഫ് ഇലക്ഷൻ കമ്മീഷണർ രാജയുടെയും സഹായത്തോടെ തൻറെ പാർട്ടിയുടെ (പാക്കിസ്ഥാൻ തെഹ്രീകെ-ഇൻസാഫ്) വിജയം ജനറൽ മുനീർ തട്ടിയെടുത്തുവെന്നും 72-കാരനായ ഇമ്രാൻ ദീർഘകാലമായി ആരോപിക്കുന്നതാണ്. 2023 ഓഗസ്റ്റ് മുതൽ നിരവധി കേസുകളിൽ ഇമ്രാൻ ഖാൻ ജയിലിലാണുള്ളത്.