തൃശൂർ: ഇരിങ്ങാലക്കുടയിലെ ഷെയർ ട്രേഡിങ് തട്ടിപ്പിലാകെ 250 കോടി രൂപ തട്ടിയെന്ന് പ്രാഥമിക വിലയിരുത്തൽ. തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും പ്രവാസികളാണെന്നാണ് പൊലീസ് പറയുന്നത്. വിദേശത്ത് ജോലിയെടുത്ത് ലഭിച്ച പണം സുരക്ഷിതമായി കൂടുതൽ ലാഭത്തിൽ നിക്ഷേപിക്കുക എന്ന ലക്ഷ്യവുമായാണ് പ്രവാസികൾ ട്രേഡിങ് സ്ഥാപനമായ ബില്യൻ ബീസിൽ നിക്ഷേപിച്ചതെന്നും പൊലീസ് പറയുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സഹായത്തോടെ ട്രേഡിങ് എന്നതായിരുന്നു സ്ഥാപനം മുന്നോട്ടുവച്ച ആശയം. ന്യൂജെൻ ആശയങ്ങൾ മുന്നോട്ടുവച്ച് നിക്ഷേപകരെ ആകർഷിക്കുക എന്ന തന്ത്രമാണ് ഉടമകൾ സ്വീകരിച്ചത്. സംസ്ഥാനത്തിനു പുറത്തേക്ക് കടന്ന പ്രതികളായ ബിബിൻ ബാബു, ഭാര്യ ജൈത വിജയൻ, ബിബിന്റെ സഹോദരൻ സുബിൻ എന്നിവരെ കേരളത്തിൽ എത്തിക്കാനുള്ള നീക്കങ്ങൾ അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്.
10 ലക്ഷം രൂപ നിക്ഷേപിച്ചാൽ വർഷംതോറും 6 ലക്ഷം രൂപ ലാഭം കിട്ടുമെന്നു വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 32 നിക്ഷേപകർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ 4 കേസുകൾ പൊലീസ് റജിസ്റ്റർ ചെയ്തു. 1.95 കോടി രൂപ നഷ്ടപ്പെട്ട ഏങ്ങണ്ടിയൂർ സ്വദേശി ബിന്ദുവിന്റെ പരാതി ക്രൈം ബ്രാഞ്ചിനു കൈമാറി. തട്ടിപ്പിനിരയായ നൂറ്റമ്പതോളം പേർ മുന്നോട്ടു വന്നിട്ടുണ്ടെന്ന്, പരാതി നൽകിയവർ പൊലീസിനെ അറിയിച്ചു.
Irinjalakuda scam : victims lost ₹250 crore in a share trading fraud perpetrated by Billion Bees.
Kerala News Thrissur News Latest News Fraud