ന്യൂഡൽഹി: ഇന്ത്യയിൽനിന്ന് എണ്ണയോ, ശുദ്ധീകരിച്ച ഉത്പന്നങ്ങളോ വാങ്ങുന്നതിൽ ഏതെങ്കിലും രാജ്യങ്ങൾക്ക് പ്രശ്‌നമുണ്ടെങ്കിൽ അത് തങ്ങളെ ബാധിക്കില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാപാരം ഉൾപ്പെടെയുള്ള വിദേശനയങ്ങളെപ്പറ്റി പരസ്യ പ്രസ്താവനകൾ നടത്തുന്നത് ശരിയല്ലെന്നും ജയശങ്കർ വ്യക്തമാക്കി. ഇക്കണോമിക് ടൈംസ് വേൾഡ് ലീഡേഴ്സ് ഫോറം 2025-ൽ സംസാരിക്കവെയാണ് ജയശങ്കർ ട്രംപിനെതിരെ രൂക്ഷമായി പ്രതികരിച്ചത്.
‘ഡൊണാൾഡ് ട്രംപിനെ പോലെ, പരസ്യമായി വിദേശനയങ്ങൾ പ്രഖ്യാപിക്കുന്ന ഒരു യുഎസ് പ്രസിഡന്റ് ഇതുവരെ ഉണ്ടായിട്ടില്ല. അതുതന്നെ ഒരു വ്യതിയാനമാണ്, അത് ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നതല്ല. പ്രസിഡന്റ് ട്രംപ് ലോകത്തോടും സ്വന്തം രാജ്യത്തോടും പോലും ഇടപെടുന്ന രീതി, പരമ്പരാഗതമായ ശൈലിയിൽനിന്ന് വളരെ വ്യത്യസ്തമാണ്. വ്യാപാരപരവും വ്യാപാരേതരവുമായ കാര്യങ്ങൾക്ക് ട്രംപ് തീരുവകൾ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകാത്ത കാര്യമാണ്.’ ജയശങ്കർ പറഞ്ഞു.
‘അതുപോലെ ട്രംപ് ഭരണകൂടത്തിൽ നിന്നുള്ള പ്രഖ്യാപനങ്ങൾ പലപ്പോഴും ആദ്യം പൊതുവേദിയിലും അതിനുശേഷം ബന്ധപ്പെട്ട കക്ഷികളോടുമാണ് നടത്തുന്നത്. ഇവയിൽ പലതും പരസ്യമായി പറയപ്പെടുന്നു. ഇത് ലോകം മുഴുവൻ അഭിമുഖീകരിക്കുന്ന ഒരു സാഹചര്യമാണ്. ഇന്ത്യയെ ലക്ഷ്യം വെക്കാൻ ഉപയോഗിക്കുന്ന അതേ വാദങ്ങൾ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായ ചൈനയ്ക്കും ഏറ്റവും വലിയ ഊർജ്ജ ഇറക്കുമതിക്കാരായ യൂറോപ്യൻ യൂണിയനുമെതിരെ ട്രംപ് ഇതുവരെ പ്രയോഗിച്ചിട്ടില്ല.’ ജയശങ്കർ ചോദിച്ചു.
അതേസമയം ഇന്ത്യൻ ഉത്പന്നങ്ങളുടെ തീരുവ 50 ശതമാനമായി ഉയർത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് മുമ്പ്, റഷ്യൻ എണ്ണ ഇന്ത്യ വാങ്ങുന്നതിനെക്കുറിച്ച് ചർച്ച ചെയ്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഒരു ബിസിനസ് അനുകൂല അമേരിക്കൻ ഭരണകൂടത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആളുകൾ മറ്റുള്ളവരെ ബിസിനസ് ചെയ്യുന്നതിന് കുറ്റപ്പെടുത്തുന്നത് തമാശയാണ്. യുഎസുമായുള്ള വ്യാപാരം ഒരു തർക്കവിഷയമായി തുടരുമ്പോഴും ഇന്ത്യ സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കുന്നത് തുടരുമെന്നും ജയശങ്കർ ഊന്നിപ്പറഞ്ഞു.
‘അതുപോലെ ഇന്ത്യയിൽനിന്ന് എണ്ണയോ ശുദ്ധീകരിച്ച ഉത്പന്നങ്ങളോ വാങ്ങുന്നതിൽ നിങ്ങൾക്ക് പ്രശ്‌നമുണ്ടെങ്കിൽ അത് വാങ്ങരുത്. ആരും നിങ്ങളെ നിർബന്ധിക്കുന്നില്ല. യൂറോപ്പ് വാങ്ങുന്നു, അമേരിക്ക വാങ്ങുന്നു, അതിനാൽ നിങ്ങൾ വാങ്ങണമെന്നില്ല. നിങ്ങൾക്കിത് ഇഷ്ടമല്ലെങ്കിൽ, വാങ്ങരുത്.’ റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ എണ്ണ വാങ്ങലിനെക്കുറിച്ച് ജയശങ്കർ പറഞ്ഞു. യുഎസുമായി ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. എന്നാൽ, അടിസ്ഥാനപരമായി ഞങ്ങൾക്ക് ചില ചുവപ്പുവരകളുണ്ട്. ചർച്ചകൾ നിർത്തിവച്ചതായി ആരും പറഞ്ഞിട്ടില്ലാത്തതുകൊണ്ട് അവ ഇപ്പോഴും തുടരുകയാണ്. ആളുകൾ പരസ്പരം സംസാരിക്കുന്നുണ്ട്. അവിടെ ഒരു പിണക്കവുമില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം, ആ ചുവപ്പുവരകൾ പ്രധാനമായും നമ്മുടെ കർഷകരുടെയും ഒരു പരിധി വരെ നമ്മുടെ ചെറുകിട ഉത്പാദകരുടെയും താൽപര്യങ്ങളാണ്.’ അദ്ദേഹം കൂട്ടിച്ചേർത്തു.