കോഴിക്കോട്: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതിൽ പ്രതികരിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് കോടതി നടപടിയാണ്. ഇനി അടുത്ത നടപടിക്ക് വേണ്ടി കാത്തിരിക്കാം. അതിനു കോൺഗ്രസിന്റെ പെരടിക്കിട്ട് അങ്ങ് അമർത്തി പറയേണ്ട.
അറസ്റ്റ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ സർക്കാരിന്റെ പ്രോബ്ലം ആണ്. കോൺഗ്രസ് പുറത്താക്കിയ ആളാണ്. രാഹുലിനെതിരെ എടുത്ത മാതൃകാപരമായ നടപടിയുടെ ഗുണം കോൺഗ്രസിന് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ ദേശീയ പാത നിർമാണത്തിൽ ഏകോപനമില്ല. നിർമ്മാണം പൂർത്തിയായ ശേഷമാണ് അപകടം സംഭവിച്ചതെങ്കിലോ?. ദേശീയപാത സുരക്ഷിതമാണെന്ന് സംസ്ഥാനം ഉറപ്പു വാങ്ങണം. തെരഞ്ഞെടുപ്പിന് മുൻപായി ഉദ്ഘാടനം ചെയ്യാനുള്ള ധൃതി അല്ല കാണിക്കേണ്ടത്. കൂരിയാട് തിരുത്തിയത് പോലെ കൊല്ലത്തും തിരുത്തേണ്ടി വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൊല്ലത്തും മേൽപ്പാലം നിർമ്മിക്കേണ്ടി വരും. നിർമ്മാണത്തിലെ അപാകത എന്ന് പറഞ്ഞ് തള്ളാൻ കഴിയില്ല. ഹൈടെക്‌നോളജി ഉപയോഗിച്ച് നടക്കുന്ന നിർമ്മാണത്തിൽ യാദൃശ്ചികമായി സംഭവിക്കുന്നതാണെന്ന് കരുതാൻ കഴിയില്ല. പാലം പണിയാൻ വൻ ചെലവ് എന്നാൽ മണ്ണിട്ട് ഉയർത്താൻ ചെലവില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.



















































