ന്യൂഡൽഹി: ഭീകരത പ്രോത്സാഹിപ്പിക്കുന്നത് എത്രയും പെട്ടെന്നു പാക്കിസ്ഥാൻ അവസാനിപ്പിച്ചില്ലെങ്കിൽ ഭൂപടത്തിലെ സ്ഥാനം തന്നെ നഷ്ടമാകുന്ന വിധം അവസാനിപ്പിച്ചുകളയുമെന്ന് ഇന്ത്യൻ കരസേന മേധാവിയുടെ മുന്നറിയിപ്പ്. പാക്കിസ്ഥാന് ഭൂപടത്തിൽ സ്ഥാനം നിലനിർത്തണമെന്നുണ്ടെങ്കിൽ ഭീകരതയെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു കരസേന മേധാവി ചീഫ് ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ മുന്നറിയിപ്പ്. രാജസ്ഥാനിലെ അനുപ്ഗഡിലെ സൈനിക പോസ്റ്റിൽ സംസാരിക്കവെയായിരുന്നു കരസേന മേധാവി.
കരസേന മേധാവിയുടെ വാക്കുകൾ ഇങ്ങനെ-
ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത് പാക്കിസ്ഥാൻ അവസാനിപ്പിച്ചില്ലെങ്കിൽ ഓപ്പറേഷൻ സിന്ദൂറിന്റെ രണ്ടാം പതിപ്പായിരിക്കും കാണേണ്ടിവരിക. ഇക്കാര്യത്തിൽ ഇന്ത്യൻ സേന യാതൊരു സംയമനവും വീട്ടുവീഴ്ചയും കാണിക്കില്ല. മാത്രമല്ല ഓപ്പറേഷൻ സിന്ദൂർ 1.0യിൽ സ്വീകരിച്ചതുപോലെയൊരു സംയമനം ഇനി സേനയുടെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കരുത്. ഭൂമിശാസ്ത്രത്തിൽ സ്വന്തം സ്ഥാനം വേണമോ വേണ്ടയോ എന്ന് പാക്കിസ്ഥാനെ കൊണ്ട് ചിന്തിപ്പിക്കും വിധത്തിലുള്ള എന്തെങ്കിലും നമ്മൾ ചെയ്യും. പാക്കിസ്ഥാന് ഭൂമിശാസ്ത്രത്തിൽ സ്ഥാനം നിലനിർത്തണമെന്നുണ്ടെങ്കിൽ സർക്കാർ സ്‌പോൺസേർഡ് ഭീകരവാദം അവസാനിപ്പിക്കണമെന്നും ദ്വിവേദി പറഞ്ഞു. സൈനികരോട് സജ്ജരായിരിക്കാൻ ആവശ്യപ്പെട്ട അദ്ദേഹം, ദൈവം അനുവദിച്ചാൽ ഉടൻ തന്നെ അതിനൊരു അവസരം ലഭിക്കുമെന്നും വ്യക്തമാക്കി.
അതേസമയം ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാന്റെ അഞ്ച് എഫ് 16 വിമാനങ്ങൾ തകർത്തെന്ന് വ്യോമസേനാ മേധാവി എ പി സിങ് പറഞ്ഞിരുന്നു. ഈ പ്രതികരണത്തിന് പിന്നാലെയാണ് ദ്വിവേദിയുടെ പ്രസ്താവന കൂടി പുറത്തുവരുന്നത്. ഹാംഗറിൽ ഉണ്ടായിരുന്ന വിമാനങ്ങൾ അടക്കം പത്തിലധികം വിമാനങ്ങൾ പാകിസ്താന് നഷ്ടമായെന്നും ഇന്ത്യൻ യുദ്ധവിമാനങ്ങൾ തകർത്തു എന്നത് പാക്കിസ്ഥാൻ മെനഞ്ഞെ കഥയാണെന്നും വെടി നിർത്തലിനായി പാക്കിസ്ഥാൻ ഇങ്ങോട്ട് സമീപിക്കുകയായിരുന്നുവെന്നും എ പി സിങ് പറഞ്ഞിരുന്നു.
അതുപോലെ രാജ്യ ചരിത്രത്തിൽ കൃത്യമായ ലക്ഷ്യത്തോടെ നടന്ന യുദ്ധമാണ് ഓപ്പറേഷൻ സിന്ദൂർ എന്നും വ്യോമസേനാ മേധാവി ചൂണ്ടിക്കാട്ടിയിരുന്നു. കൃത്യമായ ലക്ഷ്യത്തോടെയാണ് ഓപ്പറേഷൻ സിന്ധൂർ ആരംഭിച്ചത്. കുറഞ്ഞ സമയം കൊണ്ടുതന്നെ ലക്ഷ്യം നേടി. ലോകത്തെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യുദ്ധം നീണ്ടു പോകുമ്പോൾ ഓപ്പറേഷൻ സിന്ധൂർ കുറഞ്ഞ ദിവസങ്ങൾക്കു ഉള്ളിൽ ലക്ഷ്യം കണ്ട് അവസാനിപ്പിക്കുകയായിരുന്നു. ഓപ്പറേഷൻ സിന്ദൂർ ചരിത്രത്തിന്റെ ഭാഗമാണെന്നും എ പി സിങ് വ്യക്തമാക്കിയിരുന്നു.
VIDEO | Anupgarh, Rajasthan: Indian Army Chief General Upendra Dwivedi says, “This time we will not maintain the restraint that we did in Operation Sindoor 1.0… this time we will do something that Pakistan will have to think whether it wants to be in Geography or not. If… pic.twitter.com/YXoHUL7xKv
— Press Trust of India (@PTI_News) October 3, 2025