ധാക്ക: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാക്കിസ്ഥാനെ ആക്രമിക്കുകയാണെങ്കിൽ ഇന്ത്യയുടെ ഏഴു വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ കൈവശപ്പെടുത്തണമെന്ന വിവാദ പ്രസ്താവനയുമായി ഇടക്കാല സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥനും വിരമിച്ച മേജർ ജനറലുമായ എഎൽഎം ഫസ്‌ലുർ റഹ്മാൻ. ബംഗ്ലദേശ് റൈഫിൾസ് (ബോർഡർ ഗാർഡ് ബംഗ്ലാദേശ്) മുൻ തലവനാണ് ഫസ്‌ലുർ റഹ്മാൻ. ഇതിനായി ചൈനയുടെ സഹായം ആവശ്യപ്പെടണമെന്നും അദ്ദേഹം സമൂഹമധ്യമത്തിൽ കുറിച്ചു.
‘‘ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാൽ വടക്കുകിഴക്കൻ ഇന്ത്യയിലെ ഏഴു സംസ്ഥാനങ്ങളും ബംഗ്ലദേശ് കൈവശപ്പെടുത്തണം. ഇക്കാര്യത്തിൽ, ചൈനയ്‌ക്കൊപ്പമുള്ള സംയുക്ത സൈനിക നീക്കത്തെ കുറിച്ച് ചർച്ച ആരംഭിക്കാമെന്ന് ഞാൻ കരുതുന്നു’’ – ഫസ്‌ലുർ റഹ്മാൻ പറഞ്ഞു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അഭയം തേടി ഇന്ത്യയിലെത്തിയ ശേഷം ഇന്ത്യ- ബംഗ്ലദേശ് ബന്ധത്തിൽ വിള്ളൽ സംഭവിച്ചിട്ടുണ്ട്. എന്നാൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന സമയത്താണ് ഫസ്‌ലുറിന്റെ വിവാദ പരാമർശം. അതേസമയം വിവാദ പരാമർശം വ്യക്തിപരമാണെന്നാണ് ബംഗ്ലദേശ് സർക്കാരിന്റെ പ്രതികരണം.
2009ൽ ബംഗ്ലദേശ് റൈഫിൾസിന്റെ പിൽഖാന ആസ്ഥാനത്ത് നടന്ന കൂട്ടക്കൊല പുനരന്വേഷിക്കുന്നതിനായി നിയോഗിക്കപ്പെട്ട ഏഴ് അംഗ സ്വതന്ത്ര കമ്മിഷന്റെ തലവനാണ് ഫസ്‌ലുർ.