ചെന്നൈ: കരൂരിൽ തിക്കിലും തിരക്കിലും 41 പേർ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നിരവധി ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി. സംഭവത്തിൽ തമിഴ്നാട് പോലീസിന്റെ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജിക്കാർ തിക്കിലും തിരക്കിലും ഇരകളായിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എം ദണ്ഡപാണി, ജസ്റ്റിസ് എം ജോതിരാമൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്.
“ദുരിതമനുഭവിക്കുന്നവർ ഈ കോടതിയിൽ വന്നാൽ ഞങ്ങൾ രക്ഷിക്കും. നിങ്ങൾ ആരാണ്? ഈ കോടതിയെ രാഷ്ട്രീയ വേദിയായി കാണരുത്. അന്വേഷണത്തിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ, നിങ്ങൾ വരൂ. ഇതാണ് പ്രാരംഭ ഘട്ടമെന്നും കോടതി അഭിപ്രായപ്പെട്ടു. അതേസമയം കരൂർ ദുരന്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചുകൊണ്ടും മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച ഉത്തരവിട്ടു.
ടിവികെ പാർട്ടി സംഘടിപ്പിച്ച പൊതുപരിപാടിക്കിടെയുണ്ടായ ദുരന്തം മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥ അസ്ര ഗാർഗ് നയിക്കുന്ന എസ്‌ഐടി ടീമാണ് അന്വേഷിക്കുക. ദുരന്തവുമായി ബന്ധപ്പെട്ട് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ പേര് എഫ്‌ഐആറിൽ ഉൾപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് ചോദ്യം ചെയ്തുള്ള റിട്ട് ഹർജി പരിഗണിക്കുന്നതിനിടെ, ഒരു വലിയ മനുഷ്യനിർമിത ദുരന്തം നിരപരാധികളുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായെന്ന് ജസ്റ്റിസ് എൻ സെന്തിൽകുമാറിന്റെ സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി.
അതുപോലെ ടിവികെ നേതാക്കളുടെ പെരുമാറ്റത്തേയും ജസ്റ്റിസ് സെന്തിൽകുമാർ രൂക്ഷമായി വിമർശിച്ചു. കൂടാതെ സംഭവത്തിൽ കക്ഷി ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. “ഇത് നേതാവിന്റെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്നു”എന്നും ജസ്റ്റിസ് സെന്തിൽകുമാർ പറഞ്ഞു,
അതേസമയം സംസ്ഥാന അല്ലെങ്കിൽ ദേശീയ പാതകൾക്ക് സമീപം റാലികളോ യോഗങ്ങളോ അനുവദിക്കില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. അത്തരം റാലികളോ യോഗങ്ങളോ നടക്കുമ്പോഴെല്ലാം, നിയുക്ത സ്ഥലങ്ങളിൽ കുടിവെള്ളത്തിനും ശുചിത്വ സൗകര്യങ്ങൾക്കും ഉചിതമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാരിനോടും രാഷ്ട്രീയ പാർട്ടികളോടും ഹൈക്കോടതി നിർദ്ദേശിച്ചു.