മുണ്ടക്കയം: പെരുവന്താനത്ത് കാട്ടാന ആക്രമണത്തിൽ വീട്ടമ്മയക്ക് ദാരുണാന്ത്യം. ഇടുക്കി പെരുവന്താനത്തിന് സമീപം കൊമ്പൻപാറയിലാണ് സംഭവം. കാട്ടാനയുടെ ആക്രമണത്തിൽ നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ (45) ആണ് മരിച്ചത്. കൊമ്പൻപാറ ടി ആർ ആൻഡ് ടീ എസ്റ്റേറ്റിൽ വച്ചാണ് സോഫിയയെ കാട്ടാന ആക്രമിച്ചത്. വനാതിർത്തിയോട് ചേർന്ന സ്ഥലത്താണ് സോഫിയയുടെ കുടുംബം താമസിക്കുന്നത്.
തിങ്കളാഴ്ച വൈകിട്ട് 50.30 ഓടെ വീട്ടിൽ നിന്ന് സമീപത്തെ അരുവിയിലേക്ക് കുളിക്കാൻ പോയതായിരുന്നു സോഫിയ. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതിനെ തുടർന്ന് മകൻ തെരഞ്ഞെത്തിയപ്പോഴാണ് സോഫിയ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാത്രമല്ല ആന സോഫിയയെ കൊലപ്പെടുത്തിയ സ്ഥലത്ത് നിലയുറപ്പിച്ചതിനാൽ മൃതദേഹത്തിന് അടുത്തേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ആന പോയെങ്കിലും പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. ജില്ലാ കലക്ടർ എത്തിയതിനു ശേഷമേ മൃതദേഹം മാറ്റൂ എന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
ഇതോടെ ഈ മാസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് സോഫിയ. ഇടുക്കി മറയൂരിൽ ഫെബ്രുവരി ആറിനുണ്ടായ ആക്രമണത്തിൽ ചമ്പക്കാട് കുടി സ്വദേശി വിമലൻ (57) കൊല്ലപ്പെട്ടിരുന്നു. മാത്രമല്ല ആറ് ആഴ്ചക്കുള്ളിൽ ഏഴ് പേരാണ് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്.