മുംബൈ: ഒരു പക്ഷെ പ്രതിക റാവലിനു പരുക്കേറ്റില്ലായിരുന്നെങ്കിൽ, പകരക്കാരിയായി ഷഫാലി വര്‍മ ടീമിൽ ഇടംപിടിച്ചില്ലായിരുന്നെങ്കിൽ… ഈ ഫൈനലിൽ കളിയുടെ ഗതി തന്നെ മാറിയേനെ… വനിതാ ലോകകപ്പില്‍ സെമി ഫൈനല്‍ പോരാട്ടത്തിനു മുന്‍പായാണ് പരുക്കേറ്റ ഓപ്പണര്‍ പ്രതിക റാവലിനു പകരം ഷഫാലി വര്‍മ ടീമിലെത്തിയത്.
പിന്നീട് ഫൈനലിലേക്കെത്തുമ്പോൾ ആദ്യ ബാറ്റിങ്ങിൽ ഇന്ത്യ അടിച്ചുകൂട്ടിയ 298 റൺസിൽ നെടുംതൂണായത് ഷഫാലി വര്‍മ തന്നെയാണെന്നു പറയാം. സെഞ്ചുറിക്ക് 13 റൺസ് അകലെ ഷഫാലി വീണെങ്കിലും ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിക്കാൻ ആ ഇന്നിങ്സിനു കഴിഞ്ഞു. അവിടം കൊണ്ടും തീർന്നില്ല. രണ്ടാമതായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ രണ്ട് വിക്കറ്റും താരം സ്വന്തമാക്കി. 31 പന്തിൽ 25 റൺസെടുത്ത സുനെ ലൂസിന്റേയും 4 റൺസെടുത്ത മരിസാൻ കാപ്പിന്റേയും വിക്കറ്റുകളാണ് ഷഫാലി സ്വന്തമാക്കിയത്. 35 പന്തിൽ 23 റൺസെടുത്ത ടാസ്മിൻ ബ്രിട്ട്സിന്റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം നഷ്ടമായത്. ബ്രിട്ട്സിനെ അമൻജോത് കൗർ റണ്ണൗട്ടാക്കുകയായിരുന്നു. പിന്നാലെ റൺസൊന്നുമെടുക്കുന്നതിനു മുൻപേ അനെകെ ബോഷിനെ ശ്രീ ചരണി എൽബിഡബ്ല്യുവിൽ കുരുക്കി. 29 പന്തിൽ 16 റൺസെടുത്ത സിനാലോ ജഫ്തയുടെ വിക്കറ്റ് ദീപ്തി ശർമയും സ്വന്തമാക്കി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ദക്ഷിണാഫ്രിക്ക 32 ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 166 എന്ന നിലയിലാണ്. 80 റൺസുമായി ക്യാപ്റ്റൻ ലോറ വോൾവാർഡും 18 റൺസുമായി ആനെറി ഡെർക്സെനുമാണ് ക്രീസിൽ.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ലോകകപ്പിലേക്ക് പകരക്കാരിയായി നടന്നുകയറിയ ഷെഫാലിയുടെയും (78 പന്തിൽ 87), ദീപ്തി ശർമയുടെയും (58 പന്തിൽ 58) അർധസെഞ്ചുറിയുടേയും പിൻബലത്തിൽ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുത്തു. അവസാന ഓവറുകളിൽ അടിച്ചുകളിച്ച വിക്കറ്റ് കീപ്പർ റിച്ച ഘോഷിന്റെ (24 പന്തിൽ 34) റൺസിന്റെ പിൻബലത്തിലാണ് ഇന്ത്യ 298 എന്ന മാന്യമായ സ്കോറിലെത്തിയത്.


















































