ദുബായ്: കോലി സെഞ്ചുറി നേടുമോ… ഇല്ലയോ… ഇന്ത്യാ-പാക് കളിയുടെ അവസാന നിമിഷം വരെ ആ കാത്തിരിപ്പിലായിരുന്നു… അവസാനം വിജയം കേവലം രണ്ടു റൺ അകലെ കോലിയുടെ സെഞ്ചുറിയും ഇന്ത്യയുടെ വിജയവും ഒരേപോലെ ആരാധകർ ആഘോഷിച്ചു. അക്ഷർ സിംഗിളെടുത്ത് കോലിയ്ക്ക് സെഞ്ചുറിയ്ക്കുള്ള വഴിയൊരുക്കിക്കൊടുത്തുകൊണ്ടിരുന്നു. അവസാന നിമിഷമുള്ള ഇരുവരുടേയും ബോഡി ലാങ്വേജ് കണ്ടാൽ അണ്ണാ ജയിക്കാൻ രണ്ട് റൺ മതി വേണേൽ ഫോറടിച്ച് സെഞ്ചുറി തികയ്ക്ക്… എന്ന് അക്ഷർ പറയുന്ന പോലെയിരുന്നു. കളി കഴിഞ്ഞ് സഹ കളിക്കാരോട് കോലി… ഞാൻ പറഞ്ഞതല്ലേ ഇതെല്ലാം ഞാൻ ശരിയാക്കിക്കോളാമെന്ന്… പിന്നീട് കഴുത്തിൽ കിടന്ന മാലയുയർത്തി ഒരു ചുംബനവും…
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ ഏറ്റവും വീര്യമേറിയ പോരാട്ടം ഒരു പക്ഷെ ഇതുതന്നെയായിരിക്കും. എതിരാളികൾ പാക് ആണെങ്കിൽ ജയത്തിൽ കുറഞ്ഞൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. അരാധകരുടെ പ്രതീക്ഷകളെ വാനോളമുയർത്തി പാകിസ്താനെതിരേ ആറു വിക്കറ്റിന്റെ അനായാസ ജയവുമായി സെമി ഇന്ത്യ ഉറപ്പിച്ചു. പാകിസ്താൻ ഉയർത്തിയ 242 റൺസ് വിജയലക്ഷ്യം 42.3 ഓവറിൽ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.
അത് ക്യാച്ച് അല്ല സർ..!!! ഇന്ത്യൻ താരത്തിൻ്റെ സത്യസന്ധതയ്ക്ക് കൈയടിച്ച് പാക്കിസ്ഥാൻ ഇതിഹാസ താരം…!!!!
വിരാട് കോലിയുടെ സെഞ്ചുറിയും ശ്രേയസ് അയ്യർ, ശുഭ്മാൻ ഗിൽ എന്നിവരുടെ ഇന്നിങ്‌സുകളുമാണ് ഇന്ത്യൻ ജയം അതിവേഗമാക്കിയത്. ഗില്ലിനൊപ്പവും ശ്രേയസിനൊപ്പവും സെഞ്ചുറി കൂട്ടുകെട്ട് തീർത്ത വിരാട് കോലി വിജയത്തിൽ നിർണായക സാന്നിധ്യമായി. ഏകദിനത്തിൽ 51-ാം സെഞ്ചുറി നേടിയ കോലി 111 പന്തിൽ നിന്ന് ഏഴ് ഫോറടക്കം 100 റൺസെടുത്ത് പുറത്താകാതെ നിന്നു. ടൂർണമെൻറിലെ രണ്ടാം തോൽവിയോടെ പാകിസ്താൻറെ സെമി സാധ്യതകൾ ഏറെക്കുറേ അവസാനിച്ചു.
അതേസമയം വ്യക്തിഗത സ്‌കോർ 15 റൺസിലെത്തിയതോടെ വിരാട് കോലി ഏകദിനത്തിൽ 14,000 റൺസ് തികച്ചു. സച്ചിനെ മറികടന്ന് ഏറ്റവും വേഗത്തിൽ 14,000 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോഡും കോലിക്ക് സ്വന്തമായി. സച്ചിനും ശ്രീലങ്കൻ താരം കുമാർ സംഗക്കാരയ്ക്കും ശേഷം ഏകദിനത്തിൽ 14,000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ താരമാണ് കോലി.
15 പന്തിൽ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 20 റൺസെടുത്ത് ടീമിന് മികച്ച തുടക്കം സമ്മാനിച്ച ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇന്ത്യൻനിരയിൽ ആദ്യം പുറത്തായത്. ഷഹീൻ അഫ്രീദിയാണ് താരത്തെ പുറത്താക്കിയത്. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച ഗിൽ- വിരാട് കോലി സഖ്യം 69 റൺസ് കൂട്ടിച്ചേർത്ത് കളി വരുതിയിലാക്കി. പിന്നാലെ ഗില്ലിനെ പുറത്താക്കി അബ്രാർ അഹമ്മദ് ഈ കൂട്ടുകെട്ട് പൊളിച്ചു. 52 പന്തിൽ നിന്ന് ഏഴു ഫോറടക്കം 46 റൺസെടുത്താണ് ഗിൽ പുറത്തായത്.
ഗിൽ പുറത്തായ ശേഷം മൂന്നാം വിക്കറ്റിൽ ശ്രേയസ് അയ്യർക്കൊപ്പം കോലി 114 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. മധ്യ ഓവറുകളിൽ ഇന്ത്യയ്ക്കായി നിർണായക റൺസ് നേടിയത് ഈ സഖ്യമാണ്. 67 പന്തിൽ നിന്ന് ഒരു സിക്‌സും അഞ്ചു ഫോറുമടക്കം 56 റൺസെടുത്ത ശ്രേയസിനെ 39-ാം ഓവറിൽ ഖുഷ്ദിൽ ഷായുടെ പന്തിൽ ഇമാം ഉൾ ഹഖ് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. പാകിസ്താനു വേണ്ടി ഷഹീൻ അഫ്രീദി രണ്ടു വിക്കറ്റ് വീഴ്ത്തി. തുടർന്ന് പാണ്ഡ്യ വന്നെങ്കിലും 6 റൺസെടുത്ത് മടങ്ങി.
നേരത്തേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 49.4 ഓവറിൽ 241 റൺസിന് ഓൾഔട്ടായി. സൗദ് ഷക്കീൽ, മുഹമ്മദ് റിസ്വാൻ, ഖുഷ്ദിൽ ഷാ എന്നിവരുടെ ഇന്നിങ്‌സുകളാണ് പാകിസ്താന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. പാകിസ്താന് ആദ്യ 10 ഓവറിനിടെ തന്നെ ഓപ്പണർമാരായ ബാബർ അസം (26 പന്തിൽ നിന്ന് അഞ്ചു ബൗണ്ടറിയടക്കം 23 റൺസ്), ഇമാം ഉൾ ഹഖ് (26 പന്തിൽ 10) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായിരുന്നു. ബാബറിനെ ഹാർദിക് പാണ്ഡ്യ പുറത്താക്കിയപ്പോൾ ഇമാമിനെ അക്ഷർ പട്ടേൽ റണ്ണൗട്ടാക്കി.
തുടർന്ന് മൂന്നാം വിക്കറ്റിൽ ഒന്നിച്ച സൗദ് ഷക്കീൽ – മുഹമ്മദ് റിസ്വാൻ സഖ്യം 104 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെയാണ് പാക് ഇന്നിങ്‌സ് 150 കടന്നത്. ഇതിനിടെ 34-ാം ഓവറിൽ റിസ്വാന്റെ കുറ്റി പിഴുത് അക്ഷർ പട്ടേൽ ഈ കൂട്ടുകെട്ട് പൊളിച്ചു. 77 പന്തിൽ നിന്ന് മൂന്ന് ഫോറടക്കം 46 റൺസായിരുന്നു റിസ്വാന്റെ സമ്പാദ്യം. പിന്നാലെ നിലയുറപ്പിച്ച സൗദ് ഷക്കീലിനെ ഹാർദിക് പാണ്ഡ്യയും പുറത്താക്കിയതോടെ അവർ പ്രതിസന്ധിയിലായി. 76 പന്തിൽ നിന്ന് അഞ്ചു ഫോറടക്കം 62 റൺസെടുത്തുനിൽക്കെയാണ് ഹാർദിക്, ഷക്കീലിനെ മടക്കിയത്. പിന്നാലെ നിലയുറപ്പിക്കും മുമ്പ് തയ്യബ് താഹിറിനെ രവീന്ദ്ര ജഡേജയും പുറത്താക്കിയതോടെ പാകിസ്താൻ അഞ്ചിന് 165 റൺസെന്ന നിലയിലായി. വെറും നാല് റൺസ് മാത്രമാണ് താഹിറിന് നേടാനായത്.
തുടർന്ന് ആറാം വിക്കറ്റിൽ ഒന്നിച്ച സൽമാൻ ആഗ – ഖുഷ്ദിൽ ഷാ സഖ്യം പാകിസ്താനെ 200 റൺസിലെത്തിച്ചു. പിന്നാലെ കുൽദീപ് യാദവിനെ കടന്നാക്രമിക്കാനുള്ള സൽമാന്റെ ശ്രമം പാളി, പന്ത് രവീന്ദ്ര ജഡേജയുടെ കൈകളിൽ. 24 പന്തിൽ നിന്ന് ഒരു ബൗണ്ടറിപോലുമില്ലാതെ 19 റൺസെടുത്താണ് താരം പുറത്തായത്. നസീം ഷാ 16 പന്തിൽ നിന്ന് 14 റൺസെടുത്തു. അവസാന ഓവറുകളിൽ 39 പന്തിൽ നിന്ന് 38 റൺസെടുത്ത ഖുൽദിൽ ഷായാണ് പാക് സ്‌കോർ 241-ൽ എത്തിച്ചത്. ഇന്ത്യയ്ക്കായി കുൽദീപ് മൂന്നും ഹാർദിക് പാണ്ഡ്യ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. അക്ഷറും ജഡേജയും ഹർഷിത് റാണയും ഓരോ വിക്കറ്റെടുത്തു.