കൊച്ചി: ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ യുവതിയുടെ വീട്ടുകാർക്കെതിരെ സഹപ്രവർത്തകന്റെ മുൻകൂർ ജാമ്യഹർജി. ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ മരണത്തിന് സഹപ്രവർത്തകനായ സുകാന്ത് സുരേഷാണ് ഉത്തരവാദിയെന്ന് കാട്ടി കുടുംബം രംഗത്തെത്തിയതോടെ ഒളിവിൽ പോയ സുകാന്ത് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിലാണ് മേഘയുടെ വീട്ടുകാരെ കുറ്റപ്പെടുത്തി പറയുന്നത്.
മേഘയുടെ മരണത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന്ഹർജിയിൽ പറയുന്ന സുകാന്ത് വൈകാരികമായും മാനസികമായും ഏറെ അടുത്തവരായിരുന്നു തങ്ങളെന്നും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും വെളിപ്പെടുത്തുന്നു. തങ്ങൾ തമ്മിലുള്ള ബന്ധം യുവതി വീട്ടുകാരെ അറിയിക്കുകയും തന്റെ മാതാപിതാക്കൾ യുവതിയുടെ വീട്ടിലെത്തി വിവാഹ കാര്യങ്ങൾ സംസാരിക്കുകയും ചെയ്തെന്നും ഹർജിയിൽ പറയുന്നു. എന്നാൽ വിവാഹക്കാര്യത്തിൽ ജ്യോതിഷിയുടെ അഭിപ്രായം ഇക്കാര്യത്തിൽ തേടാനായിരുന്നു യുവതിയുടെ വീട്ടുകാരുടെ തീരുമാനം. ജ്യോതിഷിയെ കണ്ടതിനു ശേഷം എന്താണ് പറഞ്ഞത് എന്നതുൾപ്പെടെ ഒരു കാര്യവും പറയാൻ യുവതിയുടെ വീട്ടുകാർ വെളിപ്പെടുത്താൻ തയാറായില്ല. മറിച്ച് താനുമായി ഏതെങ്കിലും വിധത്തിൽ ബന്ധം പുലർത്തുന്നതിനെ രൂക്ഷമായി എതിർത്തു.
തന്റെ മൊബൈൽ നമ്പർ പോലും ബ്ലോക്ക് ചെയ്ത് തമ്മിൽ ബന്ധപ്പെടാതിരിക്കാൻ യുവതിയോട് നിർദേശിച്ചു. എന്നാൽ മാതാപിതാക്കളുടെ ഇത്തരം സമീപനത്തിൽ നിരാശയായ യുവതി തനിക്കൊപ്പം നിൽക്കാനാണ് തീരുമാനിച്ചത്. ബന്ധം തുടരാൻ തീരുമാനിച്ച് ഇരുവരും ചേർന്ന് നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് വീടെടുത്ത് ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയെന്നും ഹർജിയിൽ പറയുന്നു.
എല്ലാ ദിവസത്തെ പോലെയും ജോലിക്കു പോയ യുവതി തന്നോട് ജോലിക്കാര്യങ്ങെളെ കുറിച്ച് സാധാരണ സംസാരിക്കാറുള്ളതു പോലെ സംസാരിച്ചെന്നും സുകാന്ത് പറയുന്നു. എന്നാൽ മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്ന മാതാപിതാക്കളുടെ സമ്മർദത്താൽ യുവതി വളരെയധികം ബുദ്ധിമുട്ടിയിരുന്നു എന്ന് പിന്നീട് വ്യക്തമായിരുന്നു. യുവതി ഏതെങ്കിലും വിധത്തിൽ ആത്മഹത്യ ചെയ്തതാണെങ്കിൽ അതിന് പിന്നിൽ തങ്ങളുടെ ബന്ധത്തെ എതിർത്ത മാതാപിതാക്കൾ ഏൽപ്പിച്ച സമ്മർദവും വിഷമവുമാണ് കാരണമെന്നും സുകാന്ത് ഹർജിയിൽ ആരോപിക്കുന്നു.
ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ സുഹൃത്തിനെ പ്രതി ചേർത്തു, ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി സുകാന്ത്