തൃശൂര്‍: ആശ വര്‍ക്കര്‍മാരുടെ സമരവേദിയില്‍ നിരവധി തവണയെത്തുകയും അവര്‍ക്കു മഴക്കോട്ടുകള്‍ സമ്മാനിക്കുകയും ചെയ്ത സുരേഷ് ഗോപി യു ടേണ്‍ അടിച്ചു! സമരപ്പന്തലില്‍ എത്തിയ മന്ത്രിയെ സമരക്കാര്‍ ‘മണിമുറ്റത്താവണിപ്പന്തല്‍’ എന്ന പാട്ടുപാടിയാണു സ്വീകരിച്ചത്. പിന്നീട് ഇവരുടെ പ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പു നല്‍കിയും സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയുമാണ് അദ്ദേഹം കളം വിട്ടത്.
എന്നാല്‍, ആശമാരെ കണ്ടത് ആത്മാര്‍ഥതയോടെ ആയിരുന്നെന്നും അത് അവസാനം വരെയുണ്ടാകുമെന്നും പറഞ്ഞ സുരേഷ് ഗോപി, വിഷയത്തില്‍ സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ കുറ്റം പറയില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ എടുത്തുചാടി ഒരു നിലപാടു സ്വീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ കരകയറ്റം ഉണ്ടാകട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞു. പറയാനുള്ളത് ജെപി നദ്ദ പാര്‍ലമെന്റില്‍ പറഞ്ഞിട്ടുണ്ട്. ആശാവര്‍ക്കര്‍മാരുടെ സമരം പരിഹരിക്കലല്ല അവരുടെ ജീവിതം നേരെയാവുകയാണ് വേണ്ടത്. എടുത്തുചാടി സംസ്ഥാന സര്‍ക്കാരിന് ഒരു തീരുമാനമെടുക്കാന്‍ കഴിയില്ലെന്നതാണ് താന്‍ നേരത്തെ തന്നെ പറഞ്ഞതെന്നും സുരേഷ് ഗോപി പറഞ്ഞു.
എന്നാല്‍ താന്‍ പറഞ്ഞത് ദുര്‍വാഖ്യാനം ചെയ്തു എന്നും മൂല്യം തകര്‍ക്കാന്‍ മാധ്യമങ്ങള്‍ കത്രിക വച്ചുവെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി. അതേസമയം ബിഎംഎസിന്റെ യൂണിറ്റ് രൂപീകരിച്ചതിനെക്കുറിച്ചുള്ള കാര്യത്തില്‍ താന്‍ ചിന്തിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. താന്‍ തന്റെ പക്ഷമാണ് നോക്കുന്നത് മറ്റുള്ളവരുടെ വാഖ്യാനം നോക്കാറില്ല. വ്യാഖ്യാനങ്ങള്‍ അല്ല, ഒരു സത്യമുണ്ട്, സത്യം തന്റെ ദൈവങ്ങള്‍ക്കറിയാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.