തിരുവനന്തപുരം: ശശി തരൂരിന്റെ വിവാദ അഭിമുഖത്തെക്കുറിച്ചു പ്രതികരിക്കാൻ വിസമ്മതിച്ച് രമേശ് ചെന്നിത്തല. ഇപ്പോൾ പ്രസിദ്ധീകരിച്ചു വന്നത് രാഹുൽ ഗാന്ധിയെ കാണുന്നതിന് മുൻപ് തരൂർ നൽകിയ അഭിമുഖമാണെന്നാണ് മനസ്സിലാക്കുന്നത്. അതിനാൽ പ്രതികരിക്കാൻ താൽപര്യമില്ലെന്നു മാധ്യമങ്ങളോടു ചെന്നിത്തല പറഞ്ഞു. കെപിസിസി പ്രസിഡന്റായ സമയത്ത് താനാണ് ശശി തരൂരിനോടു പാർട്ടിയിൽ ചേരണമെന്ന് അഭ്യർഥിച്ചത്.
അദ്ദേഹത്തെ പോലെ ഒരാൾ പാർട്ടിയിൽ വരുന്നത് നല്ലതാണെന്ന വിശ്വാസത്തിലാണ് അദ്ദേഹത്തെ ക്ഷണിച്ചത്. പാർട്ടി അംഗമല്ലാതിരുന്നിട്ടു കൂടി ശശി തരൂരിനെ ഞാൻ കെപിസിസി സമ്പൂർണ യോഗത്തിൽ പങ്കെടുപ്പിച്ചു. സോണിയാ ഗാന്ധി പങ്കെടുത്ത ചടങ്ങിൽ വേദിയിലിരുത്തി. പിന്നീട് ശശി തരൂരിനെ കോൺഗ്രസ് 4 പ്രാവശ്യം എംപിയാക്കി, കേന്ദ്രമന്ത്രിയാക്കി, പാർട്ടിയിൽ സ്ഥാനം നൽകിയെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
അതേസമയം കേരളത്തിൽ ഒരുസമയത്തും പാർട്ടിക്കു നേതൃദാരിദ്ര്യമുണ്ടായിട്ടില്ലെന്ന് ഈ വിഷയത്തിൽ കോൺഗ്രസ് നേതാവ് കെ.മുരളീധരന്‍ പ്രതികരിച്ചു. തരൂരിനെ പാർട്ടിക്ക് ആവശ്യമുണ്ടെന്നും അദ്ദേഹത്തിന് പ്രശ്‌നമുണ്ടെങ്കിൽ പരിഹരിച്ച് ഒപ്പം നിർത്തണമെന്നും കെ. മുരളീധരന്‍ പറഞ്ഞു.
ഇംഗ്ലിഷ് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂർ കോൺഗ്രസിനെ വിമർശിച്ചത്. കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു പ്രധാന നേതാവിന്റെ അഭാവമുണ്ടെന്നു പറഞ്ഞ തരൂര്‍ കോണ്‍ഗ്രസിനു തന്റെ സേവനം ആവശ്യമില്ലെങ്കില്‍ മറ്റു വഴികളുണ്ടെന്നും തുറന്നടിച്ചിരുന്നു.
Tharoor’s Controversial Remarks : Ramesh Chennithala and K Muraleedharan Reacts Kerala News
Ramesh Chennithala K Muraleedharan Dr Shashi Tharoor Latest News