ന്യൂഡൽഹി: വോട്ടർ പട്ടികയിലെ 124 വയസുള്ള മിന്റ ദേവി മുത്തശ്ശിയാണ് ഇപ്പോൾ താരം. ചർമം കണ്ടാൽ പ്രായം പറയുകയേയില്ല… പട്ടികയിലെ കള്ളവോട്ടുകൾക്കെതിരെ ഇന്നലെ പാർലമെന്റിനു മുന്നിൽ പ്രതിഷേധം നടത്തിയ പ്രതിപക്ഷ എംപിമാരുടെ ടി ഷർട്ടിലെ മിന്റ ദേവി എന്ന വനിതയെക്കുറിച്ചുള്ള എല്ലാവരുടെയും അന്വേഷണം കൊണ്ടുചെന്നെത്തിച്ചതു 35കാരി മിന്റ ദേവിയിലേക്ക്. ബിഹാറിലെ വോട്ടർപട്ടികയിൽ ഉള്ളതാണ് ഈ പേര്. തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്സൈറ്റിലുള്ള വോട്ടർ ഐഡി പ്രകാരം ഇവർക്ക് 124 വയസാണ്.
സംഭവം ടിവിയിലൂടെ കണ്ട രാജ്യത്തെ ‘ഏറ്റവും പ്രായംകൂടിയ’ വോട്ടറായ മിന്റ ദേവിക്കു ചിരിയടക്കാൻ കഴിയുന്നില്ല. 35 വയസുള്ള മിന്റ ദേവിക്ക് 124 വയസായെന്ന് കമ്മിഷൻ തെറ്റായി രേഖപ്പെടുത്തുകയായിരുന്നു. ഇന്നലെ നടന്ന പ്രതിപക്ഷ പ്രതിഷേധത്തിൽ ഈ പിഴവ് ആയുധമാക്കിയതോടെ മിന്റയുടെ പേര് രാജ്യമെങ്ങും ചർച്ചയായി. തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ ഒരു മുത്തശ്ശിയാക്കിയെന്ന് മിന്റ ദേവി ദേശീയ മാധ്യമങ്ങളോടു പറഞ്ഞു. ‘‘ബൂത്ത് ലെവൽ ഓഫിസർ വീട്ടിൽ വരുന്നതു കാത്തിരുന്നു നിരാശയായപ്പോൾ ഓൺലൈനായാണ് വോട്ടർപട്ടികയിൽ പേരു ചേർക്കാൻ അപേക്ഷിച്ചത്. ഈ പിഴവിനു ഞാൻ എങ്ങനെ കുറ്റക്കാരിയാകും?’’ – മിന്റ ചോദിക്കുന്നു.
അതേസമയം ദരുണ്ട നിയമസഭാ മണ്ഡലത്തിലെ വോട്ടറാണ് മിന്റ. പിഴവു വാർത്തകളിൽ വരുന്നതിനു മുൻപ് തന്നെ വോട്ടറെ ബന്ധപ്പെട്ടു പരിഹാര നടപടികൾ സ്വീകരിച്ചുവെന്നു സിവാൻ ജില്ലാ കലക്ടർ പ്രസ്താവനയിൽ അറിയിച്ചു. പിഴവു തിരുത്താൻ അപേക്ഷ ലഭിച്ചു. വോട്ടർപട്ടിക പുതുക്കുന്നതിന്റെ ഭാഗമായി ഈ ആക്ഷേപം പരിഹരിക്കുമെന്നും കലക്ടർ പറഞ്ഞു. 35–ാം വയസിൽ വോട്ടു ചെയ്യാൻ അവസരം ലഭിച്ചതിൽ താൻ സന്തോഷവതിയാണെന്നു മിന്റ പറഞ്ഞു.
പ്രായപൂർത്തിയായ ശേഷം നിരവധി തിരഞ്ഞെടുപ്പുകൾ വന്നെങ്കിലും തന്റെ പേര് ഒരിക്കലും വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരു മുത്തശ്ശിയാക്കിയെങ്കിൽ അതിൽ തനിക്കു പ്രശ്നമല്ല. ഭയപ്പെടാനും ഒന്നുമില്ല. തന്റെ ആധാർ കാർഡിലുള്ളതുപോലെ 1990 ആണ് അപേക്ഷിച്ചപ്പോൾ ജനിച്ച വർഷമായി രേഖപ്പെടുത്തിയത്. കരട് വോട്ടർ പട്ടികയിൽ 1990 എന്നത് 1900 ആയെങ്കിൽ തനിക്കെന്തു ചെയ്യാൻ കഴിയുമെന്നും മിന്റ ചോദിക്കുന്നു.
വല വിരിച്ചിട്ട് ഒരുമാസം!! 1.286 കിലോ കഞ്ചാവുമായി കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ