ആലപ്പുഴ: രണ്ട് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിലെ പ്രതി തസ്‌ലീമ സുൽത്താനയ്ക്ക് പെൺവാണിഭവും നടത്തിയിരുന്നതായി തെളിവുകൾ. തസ്‌ലീമ ഇടപെട്ട് സിനിമാ താരങ്ങൾക്ക് പെൺകുട്ടികളെ എത്തിച്ചു നൽകിയെന്നാണ് വിവരം. ഒരു പ്രമുഖ താരത്തിന് മോഡലിന്റെ ചിത്രം അയച്ചു നൽകിയതായി പോലീസ് കണ്ടെത്തിയതായും സൂചനയുണ്ട്. മോഡലിനെ എത്തിക്കാൻ 25,000 രൂപ നൽകണമെന്ന് ചാറ്റ് ചെയ്തതിന്റെ തെളിവുകളും പോലീസിനു ലഭിച്ചു.
പെൺവാണിഭത്തിന് താരത്തിന് ഇടനിലക്കാരിയായി ഇതിന് മുൻപും തസ്‌ലിമ പ്രവർത്തിച്ചിട്ടുണ്ട്. ലഹരിക്ക് പുറമെ പെൺകുട്ടിയെ എത്തിച്ചു നൽകിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. അതേസമയം തസ്‌ലീമ സുൽത്താനയ്ക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകില്ല. കൂടുതൽ തെളിവ് ശേഖരണത്തിന് ശേഷമായിരിക്കും കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുക.
അതേസമയം ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് തായ്‌ലൻഡിൽ നിന്നാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ എക്‌സൈസിന്റെ ഇന്റലിജൻസ് വിഭാഗവും അന്വേഷണം ആരംഭിച്ചു.തസ്‌ലീമ കഞ്ചാവ് കടത്തിന് ഉപയോഗിച്ച വാഹനം വാടകയ്ക്ക് എടുത്തത് എറണാകുളത്ത് നിന്നാണെന്നും എക്‌സൈസ് കണ്ടെത്തിയിരുന്നു. പിന്നിൽ വൻ ശൃംഖലയുണ്ടെന്നാണ് വിവരം. ആറ് കിലോ ‘പുഷ്’ കിട്ടിയെന്ന തസ്‌ലീമ സുൽത്താന പറയുന്ന ചാറ്റ് വിവരങ്ങളും എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. വിൽപ്പനക്കാർക്കിടയിലെ ഹൈബ്രിഡ് കഞ്ചാവിന്റെ പേരാണ് ‘പുഷ്’.
വാടകയ്‌ക്കെടുത്ത വാഹനത്തിൽ ജിപിഎസ് ഘടിപ്പിച്ചിട്ടുള്ളതിനാൽ എവിടെയെല്ലാം ഇവർ സഞ്ചരിച്ചിട്ടുണ്ട് എത്ര സമയം ചെലവഴിച്ചു തുടങ്ങിയ വിവരങ്ങളും ഉടൻ എക്‌സൈസിന് ലഭിക്കും. ഇതിലൂടെ മറ്റു പ്രതികളിലേക്ക് എത്താം എന്നാണ് എക്‌സൈസ് കണക്കുകൂട്ടുന്നത്. കേസിൽ തസ്‌ലീമയുടെ കൂട്ടാളി ഫിറോസിനെയും പോലീസ് പിടികൂടിയിരുന്നു. ആലപ്പുഴ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ അശോക് കുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല.