കൽപറ്റ: പനമരം കേണിച്ചിറ കേളമംഗലത്ത് യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഫോണിന്റെ ചാർജിങ് കേബിൾ കൊണ്ട് കഴുത്തിൽ മുറുക്കി കേണിച്ചിറ കേളമംഗലം മാഞ്ചിറ ലിഷ (35)യെയാണ് ഭർത്താവ് കൊലപ്പെടുത്തിയത്. തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് ജിൽസനെ (42) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെയാണ് സംഭവം.
ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടു മക്കളെയും മുറിയിൽ അടച്ചിട്ട ശേഷമാണ് ജിൽസൻ ലിഷയെ കൊലപ്പെടുത്തിയത്. പിന്നാലെ തൂങ്ങിമരിക്കാനായി ജിൽസൻ മരത്തിൽ കുരുക്കിട്ട് കയറിയെങ്കിലും താഴെവീണു. ഇതോടെ വിഷം കുടിച്ച ശേഷം ബ്ലേഡ് ഉപയോഗിച്ച് കൈ ഞരമ്പ് മുറിച്ചു. പിന്നാലെ മരത്തടി മുറിക്കുന്ന യന്ത്രം ഉപയോഗിച്ചും കൈമുറിച്ചു. കടബാധ്യതയാണ് കാരണമെന്നാണ് വിവരം. കട ബാധ്യതയുള്ളതിനാൽ മരിക്കാൻ പോവുകയാണെന്നു അർധരാത്രിയോടെ ഇയാൾ സുഹൃത്തുക്കൾക്കു സന്ദേശം അയച്ചിരുന്നു. പുലർച്ചെ ഇതു കണ്ട സുഹൃത്ത് സമീപവാസികളെ വിവരം അറിയിച്ചു. ഇവരെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തിവരികയാണ്. വാട്ടർ അതോറിറ്റി പമ്പ് ഓപ്പറേറ്ററാണ് ജിൽസൺ.