ബാങ്കോക്ക്∙ പ്രസവശേഷം ഭാര്യ ലൈംഗികബന്ധം നിഷേധിച്ചതിൽ പ്രകോപിതനായി നവജാതശിശുവിനെ ഭർത്താവ് വാഴത്തോട്ടത്തിൽ ഉപേക്ഷിച്ചു. സംഭവത്തില്‍, 22 കാരിയായ ഭാര്യ ഒറത്തായിയുടെ പരാതിയിൽ 21കാരനായ ഭർത്താവ് വുട്ടിച്ചായിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ലഹരിയ്ക്ക് അടിമയാണെന്നാണ് വിവരം. ഒറത്തായി ഒരു സുഹൃത്തിനെ കാണാൻ പോയ വേളയിൽ, വുട്ടിച്ചായി തന്റെ രണ്ട് ആഴ്ച പ്രായമുള്ള കുഞ്ഞിനെ അടുത്തുള്ള ഒരു വാഴത്തോട്ടത്തിൽ കൊണ്ടുപോയി നിലത്തു കിടത്തിയ ശേഷം ഫോട്ടോ എടുത്ത് അയച്ചുകൊടുക്കുകയായിരുന്നു. സന്ദേശം കണ്ടു പരിഭ്രാന്തയായ ഒറത്തായി ഉടൻ തന്നെ ഗ്രാമത്തലവനെ ബന്ധപ്പെടുകയും ഭർത്താവിന്റെ സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് ഓൺലൈനിൽ പങ്കിടുകയും ചെയ്തു. ഇതോടെ വുട്ടിച്ചായി തന്നെ കുഞ്ഞിനെ പരുക്കേൽപ്പിക്കാതെ വീട്ടിലേക്കു കൊണ്ടുവന്നു.
പ്രസവശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഒറത്തായി വിസമ്മതിച്ചതിനാൽ ഇരുവരും വഴക്കിട്ടിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ, തന്റെ ഭർത്താവ് ലഹരിമരുന്നിന് അടിമയാണെന്നും, പതിവായി ചൂതാട്ടത്തിൽ ഏർപ്പെടുന്നുണ്ടെന്നും ഒറത്തായി മൊഴി നൽകി. തന്നോടും ഒരു വയസ്സുള്ള കുട്ടിയോടും അക്രമാസക്തമായാണ് പെരുമാറുന്നതെന്നും ഒറത്തായി പറയുന്നു.
ഭാര്യയോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെട്ടിരുന്നതായി വുട്ടിച്ചായി കുറ്റസമ്മതം നടത്തി. എന്നാൽ, കുഞ്ഞിനെ ഉപേക്ഷിക്കാൻ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നെന്നും, ഉറങ്ങിക്കിടക്കുന്ന മകനെ നിലത്തു കിടത്തി ഫോട്ടോ എടുക്കുക മാത്രമായിരുന്നുവെന്നും വുട്ടിച്ചായി പൊലീസിനോട് പറഞ്ഞു.വുട്ടിച്ചായി ലഹരിമരുന്ന് ഉപയോഗിക്കുന്നതായി പൊലീസ് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. മൂന്നു വർഷം വരെ തടവും 6,000 ബാത്ത് (ഏകദേശം 180 യുഎസ് ഡോളർ) പിഴയും ലഭിക്കാവുന്ന കുറ്റമാണ് പ്രതിയുടേതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.