ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിക്ക് സമീപം വൻ മയക്കുമരുന്ന് വേട്ട. രാജസ്ഥാനിലേക്ക് കടത്താൻ ഉദ്ദേശിച്ചിരുന്ന 400 കിലോ കഞ്ചാവാണ് അധികൃതർ പിടിച്ചെടുത്തത്. ഏകദേശം രണ്ട് കോടി വില വരുന്നതാണിത്.
തെലങ്കാനയിലെ എലൈറ്റ് ആക്ഷൻ ഗ്രൂപ്പ് ഫോർ ഡ്രഗ് ലോ എൻഫോഴ്‌സ്‌മെന്റിന്റെ (EAGLE) ഖമ്മം വിംഗിലെ റീജിയണൽ നാർക്കോട്ടിക് കൺട്രോൾ സെല്ലും രച്ചകൊണ്ട നാർക്കോട്ടിക് പോലീസും സംയുക്തമായി നടത്തിയ ഒരു ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.
രച്ചകൊണ്ട പരിധിക്കുള്ളിൽ രാമോജി ഫിലിം സിറ്റിക്ക് സമീപം ഒരു ഡിസിഎം ഗുഡ്സ് ട്രാൻസ്പോർട്ട് വാഹനം പോലീസ് വളയുകയുകയായിരുന്നു. അതിനുള്ളിൽ നടത്തിയ പരിശോധനയിൽ ഒരു ലോഡ് തേങ്ങയുടെ അടിയിൽ ഒളിപ്പിച്ച നിലയിൽ വലിയൊരു ശേഖരം മയക്കുമരുന്ന് അധികൃതർ പിടിച്ചെടുക്കുകയായിരുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ മൂന്ന് പേരെ അധികൃതർ അറസ്റ്റ് ചെയ്തു. പ്രതികളായ മൂന്ന് പേരും രാജസ്ഥാൻ നിവാസികളാണ്, ഇവർക്കെതിരെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
ശൃംഖലയിൽ ഉൾപ്പെട്ട രണ്ട് പ്രധാന വ്യക്തികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്, നിലവിൽ അവർക്കായി തിരച്ചിൽ നടത്തുകയാണ്.