ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിലൂടെ ആക്രമിച്ചത് ഭീകര ക്യാമ്പുകളെ മാത്രമെന്ന് വ്യക്തമാക്കി തെളിവുകൾ നിരത്തി സൈന്യത്തിന്റെ വാർത്താ സമ്മേളനം. ഓപ്പറേഷൻ സിന്ദൂരിന്റെ ഇതുവരെയുള്ള ഓപ്പറേഷൻ വിശദീകരിച്ചത് സൈന്യത്തിന്റെ വനിത സൈനിക ഉദ്യോഗസ്ഥരാണ്. കരസേനയിൽ നിന്ന് സോഫിയ ഖുറേഷിയും വ്യോമസേനയിൽ നിന്ന് വ്യോമിക സിങ്ങുമാണ് വാർത്ത സമ്മേളനത്തിൽ തെളിവുകളടക്കം വിശദീകരിച്ചത്.
കഴിഞ്ഞ 3 പതിറ്റാണ്ടായി പാക്കിസ്ഥാൻ വളർത്തിയെടുത്തു കൊണ്ടുവന്ന ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യയുടെ സംയുക്ത സേന തകർത്തതെന്ന് കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡൽ വ്യോമിക സിങ്ങും വ്യക്തമാക്കി. കൃത്യമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ. സാധാരണ ജനങ്ങൾക്ക് യാതൊരു പ്രശ്‌നവും വരാത്ത വിധമുള്ള ആക്രമണം ഉറപ്പാക്കും വിധമാണ് ആക്രമണ കേന്ദ്രങ്ങൾ തിരഞ്ഞെടുത്തതെന്നും സൈന്യം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
അതേസമയം ‘കൊളാറ്ററൽ ഡാമേജ്’ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണത്തിനു വേണ്ട ആയുധങ്ങൾ വരെ തിരഞ്ഞെടുത്തത്. അതായത്, ഏതെങ്കിലും ഒരു കെട്ടിടം അല്ലെങ്കിൽ ഒരു കൂട്ടം കെട്ടിടമാണ് ലക്ഷ്യമിട്ടത്. പൊതുജനത്തിന് പ്രശ്‌നമുണ്ടാകാതിരിക്കാൻ വേണ്ടിയാണത്. സൈനിക കേന്ദ്രങ്ങളൊന്നും ലക്ഷ്യമിട്ടിട്ടില്ല. അതീവ സൂക്ഷ്മതയോടെയായിരുന്നു ആക്രമണം.
ഈ ആക്രമണം ഒരു സർജറി നടത്തുന്നത്ര ‘ക്ലിനിക്കൽ പ്രിസിഷനോടെ’യാണെന്നു ദൃശ്യങ്ങൾ കാണിച്ച് വിങ് കമാൻഡർ വ്യോമിക സിങ് വ്യക്തമാക്കി. ആക്രമണത്തിന് മുമ്പ് ആക്രമണ കേന്ദ്രങ്ങളുടെ ദൃശ്യങ്ങളും ശേഷമുള്ള ദൃശ്യങ്ങളും തെളിവായി നിരത്തി. പഹൽഗാം ഭീകരാക്രണത്തിന് തിരിച്ചടി നൽകി ഓപ്പറേഷൻ സിന്ദൂർ അരങ്ങേറി മണിക്കൂറുകൾക്കകം വിദേശകാര്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സംയുക്ത സേനകൾ ആക്രമണം നടന്നത് എങ്ങനെയെന്ന് വിവരിച്ചത്.
അതേപോലെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഇനിയും ഏതെങ്കിലും വിധത്തിലുള്ള പ്രകോപനം ഉണ്ടായാൽ ഇന്ത്യ തിരിച്ചടിക്കുമെന്നും സൈന്യം വ്യക്തമാക്കി. അതിനുള്ള എല്ലാ തയാറെടുപ്പുകളും ഇന്ത്യൻ സേന നടത്തിയിട്ടുണ്ട്. ‘പാകിസ്ഥാനി മിസ്അഡ്വഞ്ചേഴ്‌സ്’ എന്ന വാക്കാണ് പാക്ക് പ്രകോപനത്തിനെപ്പറ്റി പറയാൻ വിങ് കമാൻഡർ വ്യോമിക സിങ് ഉപയോഗിച്ചത്.