പാലക്കാട്: ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരിച്ച കൃഷ്ണകുമാറും സംഗീതയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്നും സംഗീതയ്ക്കു മറ്റൊരു ബന്ധമുണ്ടായിരുന്നെന്ന സംശയത്തിലായിരുന്നു കൊലപാതകമെന്നുമാണു സൂചന. കോയമ്പത്തൂർ പട്ടണംപുതൂരിൽ സുലൂരിനടുത്തുള്ള വീട്ടിലാണ് സംഗീതയെ ഇന്നു രാവിലെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ പുലർച്ചെ കൊലപ്പെടുത്തിയ ശേഷമാണ് പാലക്കാട്ട് മംഗലംഡാമിനു സമീപം വണ്ടാഴിയിലെ വീട്ടിലെത്തി കൃഷ്ണകുമാർ സ്വയം വെടിയുതിർത്തു ജീവനൊടുക്കിയത്.
വണ്ടാഴിയിലെ വീടിനു സമീപം കാട്ടുപന്നികളുടെ ശല്യമുള്ളതിനാൽ കൃഷ്ണകുമാർ എയർഗൺ വാങ്ങി സൂക്ഷിച്ചിരുന്നു. പിതാവ് സുന്ദരത്തിന്റെ പേരിലായിരുന്നു തോക്കിന്റെ ലൈസൻസ്. ഈ എയർഗൺ ആണ് സംഗീതയെ കൊലപ്പെടുത്താനും സ്വയം മരിക്കാനും കൃഷ്ണകുമാർ ഉപയോഗിച്ചത്. സംഗീതയും കൃഷ്ണകുമാറും രണ്ടു പെൺമക്കളും കോയമ്പത്തൂരിലെ സുലൂരിലാണു താമസിച്ചിരുന്നത്. പിതാവ് രോഗബാധിതനായതോടെ കൃഷ്ണകുമാർ താമസം വണ്ടാഴിയിലേക്കു മാറ്റുകയായിരുന്നു. സംഗീത സുലൂരിലെ സ്വകാര്യ സ്കൂളിൽ ജീവനക്കാരിയാണ്. രണ്ടു പെൺമക്കളും കോയമ്പത്തൂരാണ് പഠിക്കുന്നത്.
സംഗീതയ്ക്കു മറ്റൊരു ബന്ധമുണ്ടെന്നു കൃഷ്ണകുമാർ നേരത്തേ ആരോപിച്ചിരുന്നു, ഇതിന്റെ പേരിൽ കലഹം പതിവായിരുന്നു. ഇതിനിടയിലാണ് കൃഷ്ണകുമാർ വണ്ടാഴിയിലേക്കു താമസം മാറിയത്. ഇന്നു പുലർച്ചെ 100 കിലോമീറ്ററോളം സഞ്ചരിച്ചാണ് കൃഷ്ണകുമാർ വണ്ടാഴിയിലെ വീട്ടിൽനിന്നു കോയമ്പത്തൂരിലെ സുലൂരിലെ വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. പുലർച്ചെ 5.30നു വീടിനു സമീപത്തെത്തിയ കൃഷ്ണകുമാർ കുട്ടികൾ സ്കൂളിലേക്കുപോയശേഷം രാവിലെ ഏഴു മണിയോടെ വീട്ടിൽ കയറി. തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും കയ്യിൽ കരുതിയിരുന്ന എയർഗൺ ഉപയോഗിച്ച് സംഗീതയെ വെടിവയ്ക്കുകയുമായിരുന്നു.
കൊലപാതകത്തിനുശേഷം വണ്ടാഴിയിലെ വീട്ടിൽ മടങ്ങിയെത്തിയ കൃഷ്ണകുമാർ അസുഖബാധിതനായ പിതാവിന്റെ കൺമുന്നിൽ വച്ച്, കൊലപാതകത്തിന് ഉപയോഗിച്ച അതേ എയർഗൺ ഉപയോഗിച്ചു സ്വയം വെടിയുതിർക്കുകയായിരുന്നു. കോയമ്പത്തൂരിലെ കൊലപാതകം നടന്ന വീട്ടിൽ സുലൂർ പൊലീസും വണ്ടാഴിയിലെ ആത്മഹത്യ നടന്ന വീട്ടിൽ മംഗലംഡാം പൊലീസും ഇൻക്വസ്റ്റ് നടപടികൾ നടത്തുകയാണ്. കൃഷ്ണകുമാർ സിംഗപ്പൂരിലെ ജോലി ഉപേക്ഷിച്ചശേഷമാണ് നാട്ടിലെത്തിയത്. കുടുംബ കലഹം പതിവായതോടെ കൃഷ്ണകുമാറിന്റെ ബന്ധുക്കൾ സംഗീതയുമായി സംസാരിക്കാനിരിക്കെയാണ് അരുംകൊലയും ആത്മഹത്യയും.
Coimbatore Murder-Suicide: Marital Dispute Leads to Tragedy
Crime News murder Palakkad News Latest News