മാസങ്ങളായി സമരരംഗത്തുള്ള ആശാ വര്‍ക്കര്‍മാര്‍ക്ക് സേവനകാലാവധി കണക്കാക്കി നാമമാത്രമായ ഓണറേറിയം വര്‍ധന ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍ നിയോഗിച്ച സമിതി. മേഖലയില്‍ പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ ആശമാര്‍ക്ക് 1500 രൂപയും പൂര്‍ത്തിയാക്കാത്ത ആശമാര്‍ക്ക് 1000 രൂപയും വര്‍ധിപ്പിക്കാനാണ് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി.കുമാര്‍ ചെയര്‍പേഴ്‌സണ്‍ ആയ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. 7000 രൂപ ഓണറേറിയം 21,000 രൂപയായി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആശമാര്‍ സമരം ചെയ്യുന്നത്.
ആശമാര്‍ക്ക് പ്രതിമാസം 1000 രൂപ വര്‍ധിപ്പിച്ചാല്‍ വര്‍ഷം 31.35 കോടി രൂപയും 3000 രൂപ വര്‍ധിപ്പിച്ചാല്‍ 94.05 കോടി രൂപയും വേണ്ടിവരുമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഓണറേറിയവും മറ്റ് ആനുകൂല്യങ്ങളും ഓരോ മാസവും പത്താം തീയതിക്കുള്ളില്‍ ലഭ്യമാക്കണമെന്നും ശുപാര്‍ശയുണ്ട്. സമരത്തില്‍ പങ്കെടുത്ത ആശമാരുടെ തടഞ്ഞു വച്ച ഇന്‍സെന്റീവും ഓണറേറിയവും നല്‍കണം. സമരത്തില്‍ പങ്കെടുത്ത ആശമാരുടെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കുന്നത് പരിഗണിക്കേണ്ടതാണെന്നും സമിതി ശുപാര്‍ശ ചെയ്തു. എന്‍എച്ച്എമ്മില്‍ പ്രവര്‍ത്തിക്കുന്ന മറ്റു വിഭാഗങ്ങളുടെ ശമ്പളവും യോഗ്യതയും ആശമാരുടെ നിലവില്‍ ലഭിക്കുന്ന ആനുകൂല്യങ്ങളും റിപ്പോര്‍ട്ടില്‍ താരതമ്യപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ആശമാര്‍ക്ക് പ്രതിമാസം ഓണറേറിയമായി 7000 രൂപയും വിവിധ സ്‌കീമുകളിലൂടെ 3000 രൂപ ഇന്‍സന്റീവും 3000 രൂപ ഫിക്‌സഡ് ഇന്‍സന്റീവും ചേര്‍ത്ത് നന്നായി സേവനം നടത്തുന്നവര്‍ക്ക് 13,000 രൂപ ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിമാസം 200 ഫോണ്‍ അലവന്‍സും നല്‍കുന്നുണ്ട്.
ആശമാരുടെ വിരമിക്കല്‍ ആനുകൂല്യം 50,000 രൂപയായി വര്‍ധിപ്പിച്ച വിവരം ഓഗസ്റ്റ് 4ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആശമാര്‍ 60 വയസ് പൂര്‍ത്തിയാകുന്ന മാസത്തിന്റെ അവസാന ദിവസം നിര്‍ബന്ധമായും സേവനം അവസാനിപ്പിക്കേണ്ടതാണെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഓണറേറിയം ലഭിക്കാൻ മുന്‍പുണ്ടായിരുന്ന 10 മാനദണ്ഡങ്ങളില്‍ ഏഴെണ്ണം ആശമാർ നിര്‍ബന്ധമായും ചെയ്യേണ്ട ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി ഉത്തരവിറക്കണമെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. ആശമാരുടെ ജോലി ലഘൂകരിക്കേണ്ടതുണ്ട്. ശൈലി ആപ്പ് കൂടുതല്‍ യൂസര്‍ ഫ്രണ്ട്‌ലി ആക്കി ഒടിപി ഒഴിവാക്കി മുന്നോട്ടു കൊണ്ടുപോകാവുന്നതാണ്. കേന്ദ്ര സര്‍ക്കാരിന്റെ സ്‌കീം ഗൈഡ് ലൈന്‍ അനുസരിച്ച് 60 വയസ്സ് ആകുന്ന ആശമാര്‍ക്ക് 50,000 രൂപയുടെ ഗോള്‍ഡന്‍ ഷേക്ക് ഹാന്‍ഡ് പദ്ധതി പ്രാബല്യത്തില്‍ കൊണ്ടുവരാവുന്നതാണ്. എല്ലാ ആശമാര്‍ക്കും ശൈലി ആപ്പ് പൂര്‍ത്തിയാക്കുന്നതിനായി പ്രതിമാസം 500 രൂപയും 1000 രൂപയോളം ഓണറേറിയം വർധനവും പത്തു വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് 1500 രൂപ വര്‍ധനവും സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി കൂടി പരിഗണിച്ച് ഘട്ടം ഘട്ടമായി നടപ്പാക്കാവുന്നതാണ്.
അടിയന്തര സാഹചര്യത്തില്‍ ഒഴികെ പൊതു അവധികള്‍ ആശമാര്‍ക്ക് ബാധകമാക്കാവുന്നതാണ്. ഓണറേറിയം കൃത്യസമയത്ത് വിതരണം നടത്താന്‍ ധനവകുപ്പിന്റെ സഹായത്തോടെ നടപടി സ്വീകരിക്കാം. ആശമാരുടെ വരുമാനത്തില്‍ മാത്രം പുലര്‍ന്നു പോകുന്ന 3400 ഓളം വീടുകള്‍ക്ക് അധികവരുമാനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍തലത്തില്‍ പദ്ധതി ആവിഷ്‌കരിക്കാം. ആശുപത്രികളില്‍ ബിപിഎല്‍ വിഭാഗത്തിന് നല്‍കുന്ന ചികിത്സാആനുകൂല്യങ്ങള്‍ ആശമാര്‍ക്ക് കൂടി ലഭ്യമാക്കാവുന്നതാണ്. ആശമാര്‍ക്ക് മാതൃസ്ഥാപനങ്ങളില്‍ ചികിത്സ തേടേണ്ട സാഹചര്യം വരികയാണെങ്കില്‍ ഒപി ടിക്കറ്റ് ഉള്‍പ്പെടെയുള്ള ചികിത്സാ ചെലവുകള്‍ സൗജന്യമായി നല്‍കാവുന്നതാണ് തുടങ്ങിയ ശുപാര്‍ശകളാണ് കമ്മിറ്റി മുന്നോട്ടുവച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സേവന വേതന വ്യവസ്ഥകളും മാനദണ്ഡങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ മാനദണ്ഡങ്ങളില്‍ സമഗ്രമായ പരിഷ്‌കരണങ്ങള്‍ വന്നാല്‍ മാത്രമേ ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ക്കു ശാശ്വത പരിഹാരം ഉണ്ടാകുകയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ആര്‍.സുഭാഷ് കണ്‍വീനര്‍ ആയ സമിതിയില്‍ ധനകാര്യ (ഹെല്‍ത്ത്) വകുപ്പ് അഡീഷണല്‍ സെക്രട്ടറി എ.ആര്‍.ബിന്ദു, തൊഴിൽ നൈപുണ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി എന്‍.കെ.ചന്ദ്ര, എന്‍എച്ച്എം സോഷ്യല്‍ ഡെവലപ്‌മെന്റ് ഹെഡ് കെ.എം.സീന എന്നിവരാണ് അംഗങ്ങള്‍.