ന്യൂയോർക്ക്: സ്വവർഗാനുരാഗികളായ തങ്ങളുടെ അംഗങ്ങളെ ഹമാസ് വധിച്ചതായി റിപ്പോർട്ട്. ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്)യ്ക്ക് ലഭിച്ച രഹസ്യരേഖകളിലാണ് ഈ വെളിപ്പെടുത്തലുകളുള്ളതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ബന്ദിക്കളാക്കിയ ഇസ്രയേലി പുരുഷന്മാരെ സ്വവർഗാനുരാഗികളായ ഹമാസ് അംഗങ്ങൾ ബലാത്സംഗം ചെയ്തതായും വെളിപ്പെടുത്തലുണ്ട്. ‘സദാചാര പരിശോധന’യിൽ ഹമാസിലെ 94 അംഗങ്ങൾ പരാജയപ്പെട്ടതായാണ് രഹസ്യരേഖയിൽ പറയുന്നത്. സ്വവർഗ ലൈംഗികബന്ധം, നിയമാനുസൃതമായി ബന്ധമില്ലാത്ത സ്ത്രീകളുമായുള്ള ബന്ധം, കുട്ടികൾക്കെതിരായ ലൈംഗികപീഡനം തുടങ്ങിയ കുറ്റങ്ങളാണ് ഇവരിൽ തെളിഞ്ഞത്. ഇത്തരം പ്രവൃത്തികളിലേർപ്പെട്ട ഭൂരിഭാഗംപേരും ഹമാസിന്റെ ഇന്റലിജൻസ്, ആഭ്യന്തര മന്ത്രാലയം, സൈനിക വിഭാഗങ്ങളിലുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്വവർഗാനുരാഗം ഗാസയിൽ നിയമവിരുദ്ധമാണ്. സ്വവർഗാനുരാഗികൾക്ക് ജയിൽശിക്ഷയോ, വധശിക്ഷയോ നൽകണമെന്നതാണ് ഗാസയിലെ നിയമം. 2012 മുതൽ 2019 വരെയുള്ള കാലയളവിനിടെ സ്വവർഗാനുരാഗികളായ ഹമാസ് അംഗങ്ങൾക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അജ്ഞാതകേന്ദ്രങ്ങളിൽനിന്നുള്ള സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരേ നടപടിയെടുത്തതെന്നും റിപ്പോർട്ടിലുണ്ട്.
മാത്രമല്ല 2016-ൽ ഹമാസിന്റെ മുതിർന്ന കമാൻഡറായ മഹ്‌മൂദ് ഇഷ്താവിയെ സ്വവർഗാനുരാഗത്തിന്റെ പേരിൽ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. മറ്റൊരു പുരുഷനുമായി മഹ്‌മൂദിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. ഇയാൾ ഇസ്രയേൽ ചാരനാണെന്നും ഹമാസ് ആരോപിച്ചിരുന്നു. ഏകദേശം ഒരുവർഷത്തോളം നീണ്ട ക്രൂരമായ പീഡനത്തിന് ശേഷമാണ് മഹ്‌മൂദിനെ ഹമാസ് പിന്നീട് വധിച്ചതെന്നും രേഖകളിൽ പറയുന്നു.
ഒരാളെ കൊലപ്പെടുത്താനുള്ള കാരണമായി പറയുന്നത് ഫെയ്‌സ്ബുക്ക് വഴി പ്രണയബന്ധമുണ്ടെന്നും ഒരിക്കലും പ്രാർഥിച്ചിരുന്നില്ലെന്നുമാണ്. ധാർമികമായി വ്യതിചലിച്ചെന്നും ഇയാളെക്കുറിച്ച് രേഖയിൽ പരാമർശിച്ചിരുന്നു. ദൈവത്തെ നിരന്തരം ശപിക്കുകയും കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതാണ് മറ്റൊരാൾക്കെതിരേ ചുമത്തിയ കുറ്റമെന്നും രേഖകളിൽ പറയുന്നു.