ഡമാസ്‌കസ്: ഗാസയിലേക്ക് സഹായവുമായി പുറപ്പെട്ട കപ്പൽ ടുണീഷ്യൻ തീരത്തുവെച്ച് ഡ്രോൺ ആക്രമണത്തിന് ഇരയായതായി റിപ്പോർട്ട്. ഗാസയിലേക്കുള്ള സഹായവുമായി പുറപ്പെട്ട ഗ്ലോബൽ സുമുദ് ഫ്‌ളോട്ടില്ല എന്ന കപ്പലിന് നേരെയാണ് ആക്രമണം നടന്നതെന്നാണ് വിവരം. കാലാവസ്ഥാ സംരക്ഷണ പ്രവർത്തക ഗ്രെറ്റ ത്യുൻബെ, 44 രാജ്യങ്ങളിൽനിന്നുള്ള സിവിലിയന്മാർ, ഉൾപെടെയുള്ളവർ കപ്പലിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഗാസ മുനമ്പിൽ ഇസ്രയേൽ ഏർപ്പെടുത്തിയ ഉപരോധം ഭേദിക്കാനുള്ള ശ്രമത്തിലായിരുന്നു കപ്പൽ. ഡ്രോൺ ആക്രമണത്തിനു പിന്നാലെ കപ്പലിന് തീപ്പിടിച്ചതായി കപ്പൽ അധികൃതർ സ്ഥിരീകരിക്കുന്നു. പോർച്ചുഗീസ് പതാകയുള്ള കപ്പലിന്റെ പ്രധാന ഡെക്കിലും താഴെയുള്ള സ്റ്റോറേജ് ഏരിയയിലുമാണ് തീപ്പിടിത്തമുണ്ടായത്. എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാവുന്ന മുറയ്ക്ക് പുറത്തുവിടുമെന്നും അധികൃതർ വ്യക്തമാക്കി.
അതേ സമയം ഈ ആക്രമണം കൊണ്ടൊന്നും തങ്ങളുടെ ദൗത്യത്തെ ഭയപ്പെടുത്താനും തടസപ്പെടുത്താനും പിൻതിരിപ്പിക്കാനുമാവില്ലെന്ന് കപ്പൽ അധികൃതർ പ്രതികരിച്ചു. ഗാസയിലെ ഉപരോധം അവസാനിപ്പിക്കാനും അവിടത്തെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനുമുള്ള സമാധാന ദൗത്യം കൂടുതൽ ശക്തമായി തുടരുമെന്നും കപ്പൽ അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അതേസമയം കപ്പലിന് നേരെ ഡ്രോൺ ആക്രമണം നടന്നെന്ന വാദം ടുണീഷ്യൻ അധികൃതർ തള്ളിയിട്ടുണ്ട്. കപ്പലിനകത്തുവെച്ചുതന്നെയുണ്ടായ സ്‌ഫോടനമാണ് തീപ്പിടിത്തത്തിന് കാരണമായതെന്ന് നാഷണൽ ഗാർഡ് വക്താവ് പറഞ്ഞു.
യുദ്ധം തകർത്ത ഗാസയിലേക്ക് സഹായമെത്തിക്കുന്ന അന്താരാഷ്ട്ര ശ്രമങ്ങളുടെ ഭാഗമായാണ് കപ്പൽ പുറപ്പെട്ടത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ ഇതിന് പിന്തുണ നൽകുന്നുണ്ട്. 2007-ൽ ഹമാസ്, ഗാസയുടെ നിയന്ത്രണം പിടിച്ചെടുത്ത ശേഷം ഇസ്രയേൽ അവിടെ നാവിക ഉപരോധമേർപ്പെടുത്തിയിട്ടുണ്ട്. ഹമാസിന് ആയുധങ്ങളെത്തുന്നത് തടയുകയാണ് ഇതിനു പിന്നിലുള്ള ലക്ഷ്യമെന്ന് ഇസ്രയേൽ പറയുന്നു.