തൃശൂർ: ജയിൽ ചാടിയതിന്റെ ഷീണത്തിൽ വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ പ്രവേശിപ്പിച്ച ഗോവിന്ദച്ചാമി ബഹളങ്ങളില്ലാതെ ശാന്തനെന്ന് റിപ്പോർട്ട്. ഏറെ പ്രശ്നങ്ങളുണ്ടാക്കിയശേഷം ഒരിടവേളയിൽ ശാന്ത സ്വഭാവം കാണിക്കുന്നതാണ് കൊടും ക്രിമിനലായ ഗോവിന്ദച്ചാമിയുടെ രീതിയെന്ന് ജയിൽ ഉദ്യോഗസ്ഥർ പറയുന്നു. നേരത്തെ ശരീരഭാരം നിയന്ത്രിച്ചായിരുന്നു ഗോവിന്ദച്ചാമി ജയിൽ ചാടാൻ സ്വയം ഒരുങ്ങിയത്.
വിയ്യൂർ ജയിലിലെത്തിയ ഗോവിന്ദച്ചാമി കൃത്യമായി ഭക്ഷണം കഴിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. എന്നാൽ ഗോവിന്ദച്ചാമിയുടെ ഈ ഭാവം ഏതു നിമിഷവും മാറുമെന്നതിനാൽ കനത്ത ജാഗ്രതയിലാണ് അധികൃതർ. കണ്ണൂർ സെൻട്രൽ ജയിൽ ചാടി പിടിയിലായ ഗോവിന്ദച്ചാമിയെ ഇന്നലെയാണ് വിയ്യൂർ അതിസുരക്ഷാ ജയിലിലേക്കു മാറ്റിയത്. ജയിൽ വകുപ്പു മേധാവിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കണ്ണൂരിലെ സുരക്ഷാ പോരായ്മ കണക്കിലെടുത്താണ് ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
അതേസമയം വിയ്യൂരിൽ താഴത്തെ നിലയിൽ ജീവനക്കാരുടെ മുറിയോടു ചേർന്നു സിസിടിവി അടക്കം കർശന സുരക്ഷാ സന്നാഹങ്ങളുള്ള ഒന്നാം നമ്പർ മുറിയിലാണു ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരിക്കുന്നത്. നിലവിൽ ഏകാന്ത തടവിലാണ്. ഒരു തടവുകാരനെ കൂടി ഇയാൾക്കൊപ്പം പാർപ്പിക്കണോ എന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. ശുചിമുറി സൗകര്യം സെല്ലിനുള്ളിൽ തന്നെയുള്ളതിനാൽ ഇനി ജയിൽ മാറ്റുന്നതു വരെ പുറത്തിറക്കേണ്ട ആവശ്യമില്ല.