കൊച്ചി: സംസ്ഥാനത്ത് സ്വർണ വില അതിന്റെ എല്ലാ സീമകളും മറികടന്നു കുതിച്ചുപായുകയാണ്. സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലാദ്യമായി പവന് 69,000 രൂപ കടന്നു. 70,000 എന്ന മാർജനിലേക്കെത്താൻ വെറും 40 രൂപയുടെ കുറവേയുള്ളു. ഇന്നു വില പവന് 1,480 രൂപ കുതിച്ചുയർന്ന് 69,960 രൂപയായി. ഗ്രാം വില 185 രൂപ മുന്നേറി 8,745 രൂപയിലുമെത്തി. ഇതോടെ ഇന്നലത്തെ റെക്കോർഡ് പഴങ്കഥയായി.
കഴിഞ്ഞ 3 ദിവസത്തിനിടെ കേരളത്തിൽ പവനു കൂടിയത് 4,160 രൂപയാണ്. യുഎസ്- ചൈന വ്യാപാരയുദ്ധം അനുദിനം വഷളാവുകയും യുഎസ് ഡോളർ 2022നു ശേഷമുള്ള ഏറ്റവും കനത്ത മൂല്യത്തകർച്ചയിലേക്ക് കൂപ്പുകുത്തുകയും ചെയ്തതോടെ രാജ്യാന്തരവില കത്തിക്കയറിയതാണ് കേരളത്തിലും വില കൂടാൻ ഇടയാക്കുന്നത്. ഓഹരി, കടപ്പത്ര വിപണികൾ ഇടിയുന്നതിനാൽ ‘സുരക്ഷിത നിക്ഷേപം’ എന്നോണം സ്വർണനിക്ഷേപ പദ്ധതികളിലേക്ക് ചുവടുമാറ്റുകയാണ് നിക്ഷേപകർ.
അന്താരാഷ്ട്ര സ്വർണവില 3,218 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.20 ആണ്. വ്യാപാരയുദ്ധത്തോട് ഒപ്പം ചൈനയുടെ പക്കൽ ഉള്ള 760 ബില്യൺ ഡോളർ ട്രഷറി ബോണ്ടുകൾ വിറ്റഴിക്കുമെന്ന ഭീഷണി സ്വർണവില കുതിക്കുന്നതിന് മറ്റൊരു കാരണമായി. ജപ്പാൻ കഴിഞ്ഞാൽ യുഎസ് ട്രഷറി ബോണ്ടുകൾ ഏറ്റവും കൂടുതലുള്ളത് ചൈനയുടെ കൈവശമാണ്. ഇതോടെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ മുക്കാൽ ലക്ഷം രൂപയിൽ അധികം കൊടുക്കണം.
വ്യാപാരികൾ അങ്കലാപ്പിൽ
സീസൺ കാലമായതിനാൽ സ്വർണം വാങ്ങുന്നവരും വ്യാപാരികളും, ഒരുപോലെ ആശങ്കയിലാണ്. മാത്രമല്ല സ്വർണവില കുറഞ്ഞ സമയത്ത് അഡ്വാൻസ് ബുക്കിങ്ങെടുത്ത വ്യാപാരികളും ആകെ അങ്കലാപ്പിലാണ്. സാധാരണ അഡ്വാൻസ് ബുക്കിങ്ങെടുക്കുമ്പോൾ ബുക്ക് ചെയ്ത ദിവസത്തെ വില, അല്ലെങ്കിൽ സ്വർണമെടുക്കാൻ വരുമ്പോൾ ഏതാണോ കുറവ് ആ വിലയിലാണ് സ്വർണമെടുക്കുക. നിലവിലെ അവസ്ഥയിൽ സ്വർണവില റോക്കറ്റ് വേഗത്തിൽ കുതിക്കുമ്പോൾ ചെറുകിട കച്ചവടക്കാരെ സംബന്ധിച്ച് വൻ നഷ്ടമാണ് ഉണ്ടാക്കുക.
ഇനി നിറംമങ്ങിയ ആഘോഷ രാവുകൾ
സ്വർണവില ഇങ്ങനെ കുതിക്കുകയാണെങ്കിൽ ഇനിയങ്ങോട്ടു വരാൻ പോകുന്ന ആഘോഷങ്ങളെല്ലാം നിറംമങ്ങിയതായിരിക്കുമെന്ന് വിദഗ്ദർ അവകാശപ്പെടുന്നു. ഇനി വരാനിരിക്കുന്ന വിഷു- ഈസ്റ്റർ, അക്ഷയതൃതിയ തുടങ്ങിയ ആഘോഷങ്ങൾക്കാണ് കേരളത്തിൽ സ്വർണക്കടക്കാരെ ആശ്രയിക്കുന്നത്. 50 നോമ്പിനും അതിനു ശേഷമുള്ള ഈസ്റ്റർ കഴിയുന്ന സമയം മുതൽ ക്രിസ്ത്യൻസിനെ സംബന്ധിച്ച് വിവാഹ സീസനുകളാണ്. എന്നാൽ സ്വർണവില ഇത്തരത്തിൽ കുതിച്ചുകഴിഞ്ഞാൽ വിവാഹത്തിനു നിറം മങ്ങുമെന്ന കാര്യം ഉറപ്പ്.