കൊച്ചി: സ്വർണ വിലയിൽ ഇന്നും ഇടിവ്. പവന് 560 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 64000ൽ താഴെയെത്തി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വർണ വില റോക്കറ്റ് വേഗത്തിൽ കുതിച്ചു തുടങ്ങിയപ്പോൾ വില 65000 കടക്കുമെന്ന പ്രവചനങ്ങൾക്കിടെയാണ് ഇന്നത്തെ ഇടിവ്. 63,520 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 70 രൂപും കുറഞ്ഞു. 7940 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
ഏകദേശം മൂവായിരത്തോളം രൂപ ഒരാഴ്ചയ്ക്കിടെ വർധിച്ച ശേഷമാണ് ഇന്നത്തെ ഇടിവ്. ഇന്നലെ തുടക്കത്തിൽ സ്വർണവില ഒറ്റയടിക്ക് 640 രൂപ വർധിച്ച് 64480 രൂപയെന്ന റെക്കോർഡ് വിലയിലെത്തിയെങ്കിലും ഉച്ചയോടെ 400 രൂപ താഴ്ന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ ഇടിവ്. 18 ക്യാരറ്റ് സ്വർണം ഗ്രാമിന് 6550 രൂപയായി. അതേസമയം വെള്ളിക്ക് 106 രൂപയായി.
കഴിഞ്ഞ മാസം 22നാണ് പവൻ വില ചരിത്രത്തിൽ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങൾ കൊണ്ടുതന്നെ 64,000 കടന്ന് സ്വർണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിലെ മാറ്റങ്ങളാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്. ഡോളറിനെതിരേ രൂപയുടെ വിനിമയനിരക്ക് ഉയർന്നതും സ്വർണ വില കുറയാൻ കാരണമായി. തിങ്കളാഴ്ച ഡോളറിനെതിരേ റിക്കാർഡ് തകർച്ചയിലായിരുന്നു രൂപ.
ഇന്നലെ സ്വർണവില നിശ്ചയിക്കുമ്പോൾ അന്താരാഷ്ട്ര സ്വർണവില ട്രോയ് ഔൺസിന് 2923 ഡോളറും രൂപയുടെ വിനിമയ നിരക്ക് 87.29ലും ആയിരുന്നു. അതേസമയം സ്വർണവിലയിൽ തിരുത്തൽ ഉണ്ടാകാമെന്നാണു വിപണി നൽകുന്ന സൂചന.