കൊച്ചി: കേരളത്തെ ലോകത്തിനു മുന്നിൽ ഒരു സമ്പൂർണ്ണ ഹെൽത്ത് കെയർ കേന്ദ്രമായി അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (CII) കേരള, ഏഴാമത് ഗ്ലോബൽ ആയുർവേദ സമ്മിറ്റ് & എക്‌സ്‌പോയും പന്ത്രണ്ടാമത് കേരള ഹെൽത്ത് ടൂറിസം – അന്താരാഷ്ട്ര കോൺഫറൻസും പ്രദർശനവും സംഘടിപ്പിക്കുന്നു. 30, 31 തീയതികളിൽ അങ്കമാലിയിലെ അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് പരിപാടി.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഈ സമ്മേളനങ്ങളിൽ 16 രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര പ്രതിനിധികൾ പങ്കെടുക്കും. മെഡിക്കൽ വാല്യൂ ടൂറിസത്തിനും ഹോളിസ്റ്റിക് വെൽനസ്സിനുമുള്ള ലോകോത്തര കേന്ദ്രമായി കേരളത്തെ ഉയർത്തിക്കാട്ടാനും അതുവഴി ഈ മേഖലയ്ക്ക് കൂടുതൽ ഉണർവ് നൽകാനുമാണ് പരിപാടി ലക്ഷ്യമിടുന്നത്. കേന്ദ്ര ആയുഷ് മന്ത്രാലയം, കേരള സർക്കാർ ടൂറിസം, ആരോഗ്യം, വ്യവസായം വകുപ്പുകൾ എന്നിവയുടെ പിന്തുണയോടെ CII കേരളയുടെ ആയുർവേദ, ഹെൽത്ത് കെയർ പാനലുകളാണ് ഉച്ചകോടികൾക്ക് നേതൃത്വം നൽകുന്നത്.
ഗ്ലോബൽ ആയുർവേദ സമ്മിറ്റ് ആയുർവേദ മേഖലയ്ക്ക് വളർച്ചാ പ്രചോദനം നൽകുന്ന വേദിയാകുമ്പോൾ, കേരള ഹെൽത്ത് ടൂറിസം സമ്മിറ്റ് ലോകമെമ്പാടുമുള്ള ആരോഗ്യ പരിപാലന ദാതാക്കൾക്കും വ്യവസായ പ്രമുഖർക്കും ഒത്തുചേരാനും കേരളത്തെ മെഡിക്കൽ ടൂറിസത്തിന്റെ ആഗോള കേന്ദ്രമായി പ്രദർശിപ്പിക്കാനും അവസരം ഒരുക്കും. ഒമാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ഉസ്ബെക്കിസ്ഥാൻ, മൊറോക്കോ, ടാൻസാനിയ, എത്യോപ്യ, വിയറ്റ്നാം, സൗദി അറേബ്യ, ഓസ്‌ട്രേലിയ ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കും. B2B (ബിസിനസ് ടു ബിസിനസ്) കൂടിക്കാഴ്ചകളും നടക്കും.
പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്, നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി പി. രാജീവ് എന്നിവർ ചേർന്ന് സമ്മേളനങ്ങളും പ്രദർശനവും ഉദ്ഘാടനം ചെയ്യും. കേന്ദ്ര ആയുഷ് സെക്രട്ടറി രാജേഷ് കോട്ടേച്ച ഐ.എ.എസ് ചടങ്ങിൽ പങ്കെടുക്കും. മികച്ച ആരോഗ്യ സേവനങ്ങളെയും മെഡിക്കൽ മൂല്യ ടൂറിസത്തിലെ നേട്ടങ്ങളെയും ആദരിക്കുന്നതിനായി സിഐഐ കേരള ഹെൽത്ത് & മെഡിക്കൽ ടൂറിസം അവാർഡുകളും ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആയുർവേദ, ആരോഗ്യ പരിപാലന മേഖലകളിലെ 70-ൽ അധികം പ്രദർശകർ പങ്കെടുക്കുന്ന പ്രദർശനവും സമ്മിറ്റിനോടനുബന്ധിച്ച് ഉണ്ടാകും. ഏകദേശം 600-ൽ അധികം പ്രതിനിധികളും 3000-ത്തിലധികം ബിസിനസ് സന്ദർശകരും ഈ രണ്ട് ദിവസത്തെ പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
പത്രസമ്മേളനത്തിൽ വി.കെ.സി. റസാക്ക് (ചെയർമാൻ, CII കേരള), ഡോ. പി. എം. വാരിയർ (കൺവീനർ, CII കേരള ആയുർവേദ പാനൽ), ഡോ. സജി കുമാർ (മുൻ ചെയർമാൻ, CII കേരള), ഡോ. പി. വി. ലൂയിസ് (കൺവീനർ, CII കേരള ഹെൽത്ത് കെയർ പാനൽ), ഡോ. നളന്ദ ജയദേവ് (കോ-കൺവീനർ, CII കേരള ഹെൽത്ത് കെയർ പാനൽ) എന്നിവർ പങ്കെടുത്തു.

















































