തിരുവനന്തപുരം: കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വിഎസ് സുജിത്തിനെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നാലു പോലീസ് ഓഫീസർമാരെ സസ്പെൻഡ് ചെയ്യാൻ ഡിഐജി ഹരി ശങ്കർ ശുപാർശ ചെയ്തു. നോർത്ത് സോൺ ഐജി രാജ് പാൽ മീണയ്ക്ക് നൽകിയ റിപ്പോർട്ടിലാണ് ഈ ശുപാർശ. ഇതിന്റെ അടിസ്ഥാനത്തിൽ നടപടി എടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി രാവാഡ ചന്ദ്രശേഖർ പറഞ്ഞു.
ക്രിമിനൽ കേസിൽ കോടതി പ്രതി ചേർത്ത എസ്ഐ നൂഹ്മാൻ, സജീവൻ, സന്ദീപ് എന്നിവർക്കെതിരായാണ് നടപടി. ഷുഹൈറിനെ നേരത്തെ ഒഴിവാക്കിയിരുന്നു. ക്രിമിനൽ കേസിൽ പ്രതി ചേർത്ത സാഹചര്യത്തിൽ സുതാര്യമായ അന്വേഷണം നടക്കുന്നതിന് ഇവരെ സസ്പെൻഡ് ചെയ്യണമെന്ന് ഡിഐജി റിപ്പോർട്ട് ചെയ്തു. മാത്രമല്ല ഇവർക്കെതിരെ ക്രിമനൽ കേസും എടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തിരിക്കുന്നത്.
അതേസമയം നടപടി സംബന്ധിച്ച് പോലീസ് കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. നടപടി സംബന്ധിച്ച് നിയമ തടസം വന്നതാണ് കാരണം. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായ സാഹചര്യത്തിൽ ‘കടുത്ത നടപടി’ വേണമെന്ന് ഡിഐജി ഹരി ശങ്കർ അടക്കമുള്ള ഉദ്യോഗസ്ഥർ നേരത്തെ നിലപാടെടുത്തിരുന്നു. എന്നാൽ കോടതിയിൽ കേസ് നില നിൽക്കുന്ന സാഹചര്യത്തിൽ പോലീസ് തുടർ നടപടി എടുത്താൽ അത് തിരിച്ചടിക്കുമെന്ന് ആശങ്കയുയർന്നിരുന്നു. എന്നാൽ നിലവിലുള്ള നടപടി പുനപരിശോധിക്കുന്നതിന് കോടതിയിലെ കേസ് തടസമാകില്ലെന്ന് വാദമുണ്ട്.
എന്നാൽ ഇതുസംബന്ധിച്ചു വ്യക്തത വരുത്താൻ പോലീസ് നിയമോപദേശം തേടി. കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് മേധാവി രാവാഡ ചന്ദ്രശേഖർ ഉന്നത ഉദ്യോഗസ്ഥരുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ഇതു സംബന്ധിച്ച ക്രിമിനൽ കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്. പുതിയ സംഭവങ്ങളെ തുടർന്ന് വീണ്ടും നടപടി എടുത്താൽ ആരോപിതരായ പോലീസ് ഉദ്യോഗസ്ഥർ മേൽക്കോടതികളെ സമീപിക്കുമെന്ന് ആശങ്ക വന്നു. എന്നാൽ നടപടി പുനപരിശോധിക്കുന്നതിനും ഉയർത്തുന്നതിനും കോടതിയിലെ കേസ് തടസമാകില്ലെന്നാണ് സംസ്ഥാന പോലീസ് മേധാവിയും ഐജിയും ഡിഐജിയും നിലപാട് എടുത്തത്.
അതേസമയം 2023 ലാണ് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വിഎസ് സുജിത്തിന് കുന്നംകുളം സ്റ്റേഷനിൽ വച്ചു ക്രൂരമായി മർദ്ദനമേറ്റത്. പിന്നാലെ നിയമപോരാട്ടങ്ങൾക്കൊടുവിൽ പോലീസ് തടഞ്ഞുവച്ച മർദന ദൃശ്യങ്ങൾ പുറത്തുവരികയായിരുന്നു. എസ്ഐ നൂഹ്മാൻ, പേലീസ് ഓഫിസർമാരായ സന്ദീപ്, സജീവൻ, ശശിധരൻ, ഷുഹൈർ എന്നിവർക്കെതിരെ പരാതി ഉയർന്നതോടെ കടുത്ത നടപടിയിലേക്കു നീങ്ങുകയാണ്.