ന്യൂഡൽഹി: 1984 ലെ സിഖ് വിരുദ്ധ കലാപ കേസിൽ മുൻ ഡൽഹി കോൺഗ്രസ് എംപി സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ഡൽഹി കോടതിയുടെ പ്രത്യേക ജഡ്ജി കാവേരി ബവേജയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 1984 നവംബറിൽ ഡൽഹി സരസ്വതി വിഹാറിൽ ഒരു കുടുംബത്തിലെ അച്ഛനും മകനും കൊല്ലപ്പെട്ട കേസിലാണ് സജ്ജൻ കുമാർ കുറ്റക്കാരനെന്ന് ഡൽഹി റോസ് അവന്യൂ കോടതി കണ്ടെത്തിയത്.
ഈ മാസം 18ന് കേസിൽ ശിക്ഷ വിധിക്കും. 1984 നവംബർ ഒന്നിന് ഡൽഹിയിലെ സരസ്വതി വിഹാറിൽ വച്ച് ജസ്വന്ത് സിങ്, മകൻ തരുൺദീപ് സിങ് എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കോൺഗ്രസ് എംപി കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.
കേസ് ആദ്യം രജിസ്റ്റർ ചെയ്തത് പഞ്ചാബ് ബാഗ് പോലീസ് സ്‌റ്റേഷനിലായിരുന്നു. പിന്നീട് സ്‌പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
ജസ്റ്റിസ് ജിപി മാത്തൂർ കമ്മിറ്റിയുടെ ശുപാർശ പ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇവർ നടത്തിയ അന്വേഷണത്തിന്റെ ഫലമായി ഡൽഹിയിൽ നടന്ന സംഘടിത അക്രമത്തെക്കുറിച്ചും ബൊക്കാറോ തെഹ്‌സിലിലും ചാസ് തെഹ്‌സിലിലും (ഇന്നത്തെ ജാർഖണ്ഡിലും) കാൺപൂരിലും നടന്ന അസ്വസ്ഥതകളെക്കുറിച്ചും അന്വേഷിക്കുന്നതിനും അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കാവുന്ന നടപടികൾ ശുപാർശ ചെയ്യുന്നതിനും രാജീവ് ഗാന്ധി കമ്മീഷനെ നിയമിച്ചുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
2021 ഡിസംബർ 16ന് പ്രതിയായ സജ്ജൻ കുമാറിനെതിരെ വിവിധ വകുപ്പുകൾ പ്രകാരം കോടതി കുറ്റം ചുമത്തി. അന്വേഷണത്തിൽ മുൻ എംപി പങ്കാളി മാത്രമല്ല പ്രതിയാണ് പ്രസ്തുത ജനക്കൂട്ടത്തെ നയിക്കുന്നതെന്നും അദ്ദേഹത്തിന്റെ പ്രേരണയിലാണ് ആൾക്കൂട്ടം രണ്ട് പേരെ ജീവനോടെ ചുട്ടെരിക്കുകയും വീട്ടുപകരണങ്ങളും മറ്റ് വസ്തുവകകളും നശിപ്പിക്കുകയും ചെയ്തതെന്ന് അന്വേഷണ സംഘം ആരോപിക്കുന്നു.
ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം, കുമാറിനെതിരെ കൊലപാതകം, മാരകായുധം ഉപയോഗിച്ച് കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ, കുറ്റകരമായ നരഹത്യ നടത്താൻ ശ്രമം തുടങ്ങി നിരവധി കുറ്റങ്ങൾ ചുമത്തിയാണ് സ്പെഷ്യൻ ഇൻവസ്റ്റിഗേഷൻ ടീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
എസ്‌ഐടിയെ പ്രതിനിധീകരിച്ച് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ മനീഷ് റാവത്ത് ഹാജരായി. സജ്ജൻ കകുമാറിനെ പ്രതിനിധീകരിച്ച് കോടതിയിൽ ഹാജരായത് അനിൽ കുമാർ ശർമ്മ, അനുജ് ശർമ്മ, അപൂർവ് ശർമ്മ എന്നിവരാണ്. ഇരകളുടെ ഭാര്യയും അമ്മയുമായ പരാതിക്കാരെ പ്രതിനിധീകരിച്ചത് മുതിർന്ന അഭിഭാഷകൻ എച്ച്.എസ്. ഫൂൽക്ക, അഭിഭാഷകരായ കാംന വോറ, ഗുർബക്ഷ് സിംഗ് എന്നിവരാണ്.
നിലവിൽ സജ്ജൻ കുമാർ ഡൽഹിയിലെ മറ്റൊരു സിഖ് വിരുദ്ധ കലാപ കേസിൽ കുമാർ ഇതിനകം ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. 1984 നവംബർ 1-2 തീയതികളിൽ പാലം കോളനിയിലെ രാജ് നഗർ പാർട്ട് I-ൽ അഞ്ച് സിഖുകാർ കൊല്ലപ്പെട്ട കേസിൽ കുമാറിനെ 2018-ൽ ഡൽഹി ഹൈക്കോടതി കുറ്റക്കാരനായി കണ്ട് ശിക്ഷ വിധിച്ചിരുന്നു. തിഹാർ ജയിലിൽ കഴിയുന്ന സജ്ജൻ കുമാറിനെ വിധി കേൾക്കാനായി ഡൽഹി കോടതിയിലെത്തിച്ചിരുന്നു.