കൊച്ചി: വേടനു പിന്നാലെ പുലിപ്പല്ലിൽ കുരുങ്ങി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയും. മന്ത്രി ധരിച്ച മാലയില്‍ പുലിപ്പല്ലുണ്ടെന്ന പരാതിയില്‍ വനംവകുപ്പ് നോട്ടീസ് നല്‍കും. സുരേഷ് ഗോപി ധരിച്ചതായി കണ്ട മാല ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാകും നോട്ടീസ് നല്‍കുക.
നേരത്തെ മുതൽ സുരേഷ് ഗോപി പുലിപ്പല്ല് കെട്ടിയ ലോക്കറ്റുള്ള മാല ധരിച്ചെന്ന് കാണിച്ച് പരാതികളും വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വനംവകുപ്പ് വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടക്കുകയാണ്. മാലയിലെ ലോക്കറ്റിലുള്ളത് യഥാര്‍ഥത്തിലുള്ള പുലിപ്പല്ലാണോ എന്ന് വനംവകുപ്പു പരിശോധിക്കും. വനം -വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ രണ്ടാംഭാഗത്തിലാണ് പുലി ഉള്‍പ്പെട്ടിട്ടുള്ളത്. പാരമ്പര്യമായി കൈമാറി ലഭിച്ചതാണെങ്കിലും പുലിപ്പല്ല് സൂക്ഷിക്കാന്‍ പാടില്ലയെന്നാണ് നിയമം.
അതേസമയം വാടാനപ്പള്ളി സ്വദേശിയും ഐഎന്‍ടിയുസി യുവജന വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവുമായ എ.എ. മുഹമ്മദ് ഹാഷിമാണ് സുരേഷ് ഗോപിക്കെതിരേ പരാതി നല്‍കിയത്. പുലിപ്പല്ല് മാല ധരിച്ച് നടക്കുന്ന സുരേഷ് ഗോപിയുടെ ദൃശ്യങ്ങള്‍ സഹിതം സംസ്ഥാന പോലീസ് മേധാവിക്കാണ് ഹാഷിം പരാതി നല്‍കിയത്.
പരാതിൽ സുരേഷ് ഗോപി ചെയ്തത് വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണമെന്നും നിയമം സംരക്ഷിക്കാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സുരേഷ് ഗോപിയുടെ നിയമലംഘനം ഭരണഘടനാലംഘനവും ഗുരുതരമായ കൃത്യവിലോപവുമാണെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു.