ന്യൂയോർക്ക്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ കൈവിലങ്ങണിയിച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്ത്. ന്യൂയോർക്ക് സിറ്റിയിലെ യുഎസ് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷൻ (ഡിഇഎ) ആസ്ഥാനത്ത് വെച്ചുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
ശനിയാഴ്ച വെനസ്വേലയിൽ നടന്ന യുഎസ് വ്യോമാക്രമണങ്ങൾക്കും നാടകീയമായ അറസ്റ്റിനും പിന്നാലെയാണ് മഡുറോയെയും ഭാര്യയെയും ന്യൂയോർക്കിലേക്ക് എത്തിച്ചത്. ഡിഇഎ ആസ്ഥാനത്ത് കൈകളിൽ വിലങ്ങുവെച്ച്, സൈനികരുടെ അകമ്പടിയോടെ നടന്നുപോകുന്ന മഡുറോയുടെ വീഡിയോയാണ് അമേരിക്ക പുറത്തുവിട്ടിരിക്കുന്നത്.
‘പ്രതി പിടിയിലായി’എന്ന കുറിപ്പോടെ വൈറ്റ് ഹൗസ് റാപ്പിഡ് റെസ്പോൺസിന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. മയക്കുമരുന്ന് കടത്ത്, നിയമവിരുദ്ധമായ ആയുധങ്ങൾ കൈവശം വയ്ക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് മഡുറോയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത്. അമേരിക്കൻ ജനതയെ നശിപ്പിക്കാനായി ടൺ കണക്കിന് കൊക്കെയ്ൻ കടത്തുന്നതിന് ഭരണകൂടത്തിന്റെ സ്വാധീനം ഉപയോഗിച്ചു എന്നതാണ് അമേരിക്ക ഉന്നയിക്കുന്ന പ്രധാന ആരോപണം.













