തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിനു പ്രധാന കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി തന്നെയെന്ന നിഗമനത്തിൽ അന്വേഷണസംഘം. പ്രതി അഫാന്റെ അമ്മ ഷെമിക്കു മാത്രം 65 ലക്ഷം രൂപയുടെ കടമുണ്ടെന്നു പോലീസ് പറഞ്ഞു. ഇവർ ബന്ധുക്കളിൽ നിന്നും അയൽക്കാരിൽ നിന്നുമായി പലപ്പോഴായി പണം കടം വാങ്ങിയതായി അന്വേഷണ സംഘം.
കടംകേറി നിൽക്കക്കള്ളിയില്ലാതെ വന്നതോടെ കൂട്ട ആത്മഹത്യയ്ക്കു പദ്ധതിയിട്ടതായി സൂചന. എന്നാൽ പിന്നീട് ഷെമി ഇതിൽ നിന്നു പിന്മാറുകയായിരുന്നു. അതേസമയം മുത്തശ്ശിയെ കൊന്ന ശേഷവും അഫാൻ കടങ്ങൾ വീട്ടിയിരുന്നതായി പോലീസ് കണ്ടെത്തി. സൽമാബീവിയെ കൊന്ന ശേഷം കൈക്കലാക്കിയ മാല പണയം വച്ച് കിട്ടിയ 74,000 രൂപയിൽ 40,000 രൂപ സ്വന്തം അക്കൗണ്ടു വഴി അഫാൻ കടക്കാർക്കു നൽകിയിട്ടുണ്ട്.
ശേഷമുള്ള തുക ഉപയോഗിച്ചു ഭക്ഷണം വാങ്ങുകയും മദ്യപിക്കുകയുമാണു ചെയ്തത്. അനുജനെ കൊലപ്പെടുത്തിയ ശേഷം, കയ്യിൽ ബാക്കിയുണ്ടായിരുന്ന പണം മൃതദേഹത്തിനു സമീപം വിതറുകയും ചെയ്തു. വിദേശത്തു പിതാവ് കടബാധ്യതയിലായതും അമ്മ ഷെമിയുടെ അസുഖവും കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഇരട്ടിപ്പിച്ചു. ജീവിതനിലവാരം ഇടിഞ്ഞതും ഒന്നിനും കയ്യിൽ പണമില്ലാതെ വന്നതും അഫാനെ വല്ലാതെ അസ്വസ്ഥനാക്കി.
അത്തരം സന്ദർഭങ്ങളിൽ മുത്തശ്ശിയാണു ഇടയ്ക്കിടെ പണം നൽകിയിരുന്നത്. മറ്റു ബന്ധുക്കളും കുറച്ചു പണം നൽകി. എന്നാൽ, പണം തിരികെ ലഭിക്കാനുള്ള ചിലർ ശല്യപ്പെടുത്താൻ തുടങ്ങി. പിതാവ് അബ്ദുൽ റഹീം വിദേശത്തു ബിസിനസ് നടത്തി കടബാധ്യത വരുത്തി. പണം മടക്കി നൽകാത്തതിനാൽ അദ്ദേഹം യാത്രാ വിലക്കിലുമാണ്. ഇതോടെ പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് ഉറപ്പായി. കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് കുടുംബം ചിന്തിച്ചു. എന്നാൽ ഷെമി ഇതിൽനിന്ന് പിന്മാറിയതോടെയാണ് ആത്മഹത്യ നടക്കാതിരുന്നതെന്നാണു പോലീസ് നൽകുന്ന സൂചന.