ന്യൂഡൽഹി: യുഎസിൽ നിന്നുള്ള ആധുനിക അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ അവസാന ബാച്ചും ഇന്ത്യയിലെത്തി. ഗാസിയാബാദിലെ ഹിൻഡോൺ എയർബേസിലാണ് അവസാന ബാച്ചിലെ മൂന്ന് ഹെലികോപ്റ്ററുകൾ പറന്നിറങ്ങിയത്. ഇതോടെ രാജസ്ഥാനിലെ ജോധ്പുരിലുള്ള 451 ആർമി ഏവിയേഷൻ സ്ക്വാഡ്രണിലേക്കുള്ള മുഴുവൻ അപ്പാച്ചെ ഹെലികോപ്റ്ററുകളും എത്തിച്ചേർന്നു.
അതേസമയം 2020-ൽ യുഎസുമായി ഒപ്പുവെച്ച 600 മില്യൺ ഡോളറിന്റെ കരാറിന്റെ ഭാഗമായി, 2024 മെയ്-ജൂൺ മാസത്തോടെ ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകളും ഇന്ത്യക്ക് കൈമാറേണ്ടതായിരുന്നു. പക്ഷെ സാങ്കേതിക തടസങ്ങളെ തുടർന്ന് ഇത് നീണ്ടുപോകുകയായിരുന്നു. ഒടുവിൽ ആദ്യ ബാച്ചിലെ മൂന്ന് അപ്പാച്ചെ ഹെലികോപ്റ്ററുകൾ 2025 ജൂലായിൽ ഇന്ത്യയിൽ എത്തിച്ചു. ചൊവ്വാഴ്ച അവസാന ബാച്ചുമെത്തി.
206 നൂതന സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന എഎച്ച്-64 അപ്പാച്ചെ ആക്രമണത്തിനും രഹസ്യാന്വേഷണത്തിനുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. മെച്ചപ്പെടുത്തിയ ഡിജിറ്റൽ കണക്റ്റിവിറ്റി, ജോയിന്റ് ടാക്റ്റിക്കൽ ഇൻഫർമേഷൻ ഡിസ്ട്രിബ്യൂഷൻ സിസ്റ്റം, മെച്ചപ്പെടുത്തിയ റോടർ ബ്ലേഡുകൾ, റിയൽ ടൈമിൽ ഡ്രോണുകൾ നിയന്ത്രിക്കാനുള്ള കഴിവ് എന്നിവ അപ്പാച്ചയെ വ്യത്യസ്തമാക്കുന്നു. പാക്കിസ്ഥാനുമായുള്ള പടിഞ്ഞാറൻ അതിർത്തിയിലാണ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ വിന്യസിക്കുന്നത്.


















































