എടപ്പാള്‍: വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ യുവ ബിഎല്‍ഒ ആത്മഹത്യചെയ്തതിനു പിറകെ ഒരു വനിതാ ബിഎല്‍ഒയുടെ ശബ്ദസന്ദേശം തരംഗമാകുന്നു.ശക്തമായ ഭാഷയില്‍ മേലുദ്യോഗസ്ഥന് മറുപടികൊടുക്കുന്ന ഷൈജി എന്ന ബിഎല്‍ഒയുടെ ശബ്ദസന്ദേശമാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇവര്‍ ജോലിചെയ്യുന്നത് ഏതു ജില്ലയിലാണെന്ന് വ്യക്തമല്ല.
വീട്ടിലെ പ്രയാസങ്ങള്‍ പറഞ്ഞ് ഒരു ബിഎല്‍ഒ ഗ്രൂപ്പിലിട്ട സന്ദേശത്തിന് മറുപടിയായി 10 മുതല്‍ അഞ്ചുവരെ ജോലി ക്രമീകരിച്ച് വീട്ടിലെ കാര്യങ്ങള്‍ക്കും സമയം കണ്ടെത്തിക്കൂടേയെന്ന് ഷൈജി ചോദിച്ചിരുന്നു. ഇതുകേട്ട മേലുദ്യോഗസ്ഥന്‍ ചോദ്യംചെയ്തപ്പോഴാണ് ഷൈജി ഈ സന്ദേശമിറക്കിയത്. ഇത് ആ ഒരു ബിഎല്‍ഒയുടെ സാഹചര്യത്തിനനുസരിച്ച് പറഞ്ഞതാണെന്ന് ഇവര്‍ വിശദീകരിക്കുന്നു. തുടര്‍ന്ന് ഇവരനുഭവിക്കുന്ന പ്രയാസങ്ങളുടെ പട്ടികയും മേലുദ്യോഗസ്ഥരുടെ മനുഷ്യാവകാശലംഘനങ്ങള്‍വരെ ചൂണ്ടിക്കാട്ടിയുമാണ് ഉറച്ച ശബ്ദത്തിലുള്ള ഇവരുടെ സന്ദേശം.
എത്ര ഉയര്‍ന്ന ഉദ്യോഗസ്ഥനായാലും താഴെയുള്ളവരായാലും മനുഷ്യാവകാശങ്ങളുണ്ട്. ഇതിന്റെ ലംഘനമാണ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്. ഞങ്ങളൊക്കെ ഡെപ്യൂട്ടേഷനില്‍ വന്നവരാണ്. ആരുടെയും അടിമകളാക്കി വിലയ്ക്കെടുത്തവരല്ല. ഞങ്ങള്‍ക്കും അവകാശങ്ങളുണ്ട്. പ്രശ്നങ്ങള്‍ പറയുമ്പോള്‍ അതു പരിഹരിക്കാന്‍ മേലുദ്യോഗസ്ഥര്‍ക്ക് താത്പര്യമില്ലെങ്കില്‍ വേറെ വഴി നോക്കണം. ഒറ്റയ്ക്കുനടന്ന് പരിചയമില്ലാത്തിടങ്ങളില്‍ ജോലിചെയ്യുമ്പോള്‍ ഒരുപാട് പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. ഇതൊന്നും പരിഹരിക്കുന്നില്ല. 24 മണിക്കൂര്‍ ജോലിചെയ്യാമെന്ന ഒരു കരാറും ഒപ്പുവെച്ചിട്ടില്ല. ഈ മറുപടിയുടെ പേരില്‍ എന്തു നടപടിയെടുത്താലും നേരിടാന്‍ തയ്യാറാണെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.

















































