കേരളപ്പിറവി ദിനമായ ഇന്ന് രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇതു പുതിയ കേരളമെന്നാണ് ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.
അവസാനത്തെയാളുടെ പ്രശ്നവും പരിഹരിക്കപ്പെട്ടതോടെ ഇതുമായി ബന്ധപ്പെട്ട വെബ്സൈറ്റിൽ ദരിദ്രരുടെയെണ്ണം ഒന്നിൽ നിന്ന് പൂജ്യത്തിലേക്ക് എത്തപ്പെട്ടുവെന്നും മുഖ്യമന്ത്രി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്ത കേരളമായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പറഞ്ഞു. എന്നാൽ നിരവധി ജനക്ഷേമ പ്രവർത്തികളിലൂടെയും പദ്ധതികളിലൂടെയും നാം അതിദാരിദ്ര്യത്തിൽ നിന്നും ജനങ്ങളെ കൈപിടിച്ചുയർത്തിയോ? അതോ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ പിആർ നാടകത്തിനാണോ അരങ്ങൊരുങ്ങുന്നത്? നാം ഇന്ന് പരിശോധിക്കുന്നു കേരളം അതിദാരിദ്ര്യ മുക്തമോ?
> ആശമാരുടെ കത്തിന്റെ ഉള്ളടക്കം
ഏതാനും ദിവസങ്ങൾക്ക് മുൻപ് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശമാർ സർക്കാരിന്റെ കേരളം അതിദാരിദ്ര്യ മുക്ത പ്രഖ്യാപന പരിപാടിയിലേക്കുള്ള ക്ഷണം സ്വീകരിക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ട് മഹാനടന്മാർക്ക് കത്തയച്ചിരുന്നു. മൂന്നു നേരം ഭക്ഷണം കഴിക്കാനില്ലാത്ത, മക്കളെ പഠിപ്പിക്കാൻ കഴിയാത്ത, മാരക രോഗം വന്നാൽ അതിജീവിക്കാൻ കെൽപ്പില്ലാത്ത, കടക്കെണിയിൽ കുടുങ്ങിയ അതിദരിദ്രരാണ് തങ്ങളെന്നും, തങ്ങളുടെ തുച്ഛവേതനം വർധിപ്പിക്കാതെ അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപനം എന്നത് ഒരു വലിയ നുണയാണെന്നുമാണ് ആശമാർ കത്തിൽ എഴുതിയിട്ടുള്ളത്. അതിദാരിദ്ര്യ വിമുക്ത കേരളത്തിന്റെ പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കുക വഴി നിങ്ങൾ ആ വലിയ നുണയുടെ പ്രചാരകരായി മാറും എന്നതിൽ തർക്കമില്ല, അതുകൊണ്ട് പ്രിയപ്പെട്ട മഹാ നടന്മാരായ മൂവരോടും സർക്കാരിൻ്റെ അതി ദാരിദ്ര്യ മുക്ത പ്രഖ്യാപന പരിപാടിയിൽ നിന്ന് വിട്ടു നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്ന ആശമാർ സെക്രട്ടറിയേറ്റിന് മുന്നിലെത്തി തങ്ങളെ കാണണം എന്നും ആവശ്യപ്പെടുന്നുണ്ട്. ആശമാരുടെ കത്ത് വായിക്കുന്ന ആർക്കും, സർക്കാരിന്റെ ഈ പ്രഖ്യാപനം കാപട്യവും രാഷ്ട്രീയ നാടകവുമാണ് എന്ന് തോന്നുക വളരെ സ്വാഭാവികമാണ്. തൊഴിലാളി വർഗ്ഗ പാർട്ടിയുടെ സർക്കാർ ദാരിദ്ര്യ മുക്ത സംസ്ഥാനമാണ് ഇതെന്ന് അവകാശപ്പെടുമ്പോൾ അതിനെ കാപട്യം എന്ന് വിളിക്കുന്ന ഒരു കൂട്ടം വനിതാ തൊഴിലാളികളാണ് എന്നത് രാഷ്ട്രീയ കേരളം മനസിലാക്കണം.
> അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപനവും ആദിവാദി വിഭാഗങ്ങളും
‘അതിദരിദ്രരില്ലാത്ത കേരളം’ എന്ന പ്രഖ്യാപനം തട്ടിപ്പാണെന്ന് ആദിവാസി ഗോത്രമഹാസഭയുടെ ആരോപണത്തെ കേരളത്തിലെ മാധ്യമങ്ങൾ പോലും വേണ്ടത്ര ഗൗരവത്തിൽ ചർച്ച ചെയ്യ്തിട്ടില്ല. ഗോത്രവർഗ വിഭാഗങ്ങൾ ഏറെയുള്ള വയനാട്ടിൽ പണിയ, അടിയ, കാട്ടുനായ്ക്ക, വേട്ടക്കുറുമ തുടങ്ങിയവരിൽ ഭൂരിഭാഗവും ദൂരഹിതരും ഭവന രഹിതരും തൊഴിൽ രഹിതരുമാണ്. നൂറുക്കണക്കിന് കുടുംബങ്ങൾ പുഴയോരങ്ങളിലും പുറമ്പോക്കുകളിലും വനാതിർത്തികളിലുമുള്ള ചോർന്നൊലിക്കുന്ന കൂരകളിൽ താമസിക്കുന്നവരാണ്. ഇതെല്ലാം മറച്ചുവച്ചാണ് സംസ്ഥാന സർക്കാർ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയ നാടകം കളിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ ഓർഡിനേറ്റർ എം. ഗീതാനന്ദൻ പറഞ്ഞത്.
സർക്കാർ വിവിധങ്ങളായ പദ്ധതികളിലൂടെയും ഇടപെടലുകളിലൂടേയും സംസ്ഥാനത്തെ ദാരിദ്ര്യ വിമുക്തമാക്കി എന്നവകാശപ്പെടുമ്പോൾ യാഥാർഥ്യങ്ങളുമായി ഒത്തുചേരുന്നതല്ല സർക്കാർ അവകാശവാദങ്ങളെന്ന് ചൂണ്ടിക്കാട്ടുകയാണ് ആദിവാസി സംഘടന നേതാക്കൾ. വയനാട്ടിലെ പല ആദിവാസി ഊരുകൾക്ക് ഇന്നും പറയാനുള്ള ദാരിദ്ര്യത്തിന്റെയും ദുരിതത്തിന്റെയും കഥകളാണ്. സ്വന്തമായി വീടില്ലാത്ത, വെറും മണ്ണിൽ സ്വന്തമായി ഉണ്ടാക്കിയ മഴയിൽ ചോർന്ന് ഒലിക്കുന്ന ഷെഡിൽ ജീവിക്കുന്നത് നിരവധി കുടുംബങ്ങളാണ്. ഐക്യരാഷ്ട്രസഭ കണക്കാക്കിയ പ്രതിദിന വേതനമായ 157 രൂപപോലും പ്രതിദിനമില്ലാത്ത, സർക്കാരിന്റെ സൗജന്യം റേഷൻ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരെ അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപനം നടത്താൻ ഒരുങ്ങുന്ന സർക്കാർ കാണുന്നില്ല.
സുരക്ഷിതമായ കിടപ്പാടങ്ങളില്ല, മൂന്നുനേരത്തെ ഭക്ഷണത്തിന് വകയില്ല, രോഗങ്ങൾ, പോഷകാഹാര കുറവ്, കുട്ടികൾക്ക് ഇടയിലെ ഭാരക്കുറവ്, ഗർഭിണികളും കൗമാരക്കാരുമായ സ്ത്രീകളിൽ രക്തക്കുറവ്, ശിശുമരണങ്ങൾ തുടങ്ങി ഇത്തരത്തിൽ ഒട്ടനവധി പ്രശ്നങ്ങൾ സംസ്ഥാനത്തെ ആദിവാസി ജനവിഭാഗങ്ങൾ നേടിമ്പോഴാണ് അങ്ങനെയൊന്നു ഇവിടെയില്ല എന്ന മട്ടിൽ സർക്കാർ അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപനം നടത്തുന്നത് എന്നത് കേരളത്തിനാകെ തന്നെ അപമാനമാണ്!
> അതിദരിദ്രരെ കണ്ടെത്തിയ പഠന റിപ്പോർട്ട് സർക്കാർ പുറത്തുവിടണമെന്ന് ആവശ്യപ്പെടുന്ന സാമ്പത്തിക വിദഗ്‌ധരും സാമൂഹിക പ്രവർത്തകരും
സർക്കാർ സിനിമ താരത്തെ കൊണ്ടുവന്ന് ദാരിദ്ര്യവിമുക്ത പ്രഖ്യാപിക്കുന്നതിനിടെ സർക്കാരിനോട് ഇതുസംബന്ധിച്ച നിർണായക ചോദ്യങ്ങൾ ചോദിച്ചിരിക്കുകയാണ് ഒരു കൂട്ടം സാമ്പത്തിക വിദഗ്‌ധരും സാമൂഹിക പ്രവർത്തകരും. അതിദരിദ്രമുക്ത കേരളം, അതോ അഗതി മുക്ത കേരളമോ? എന്ന തലക്കെട്ടിൽ സർക്കാരിനെഴുതിയിട്ടുള്ള തുറന്ന കത്തിൽ പത്ത് ചോദ്യങ്ങളാണ് ചോദിച്ചിട്ടുള്ളത്. സംസ്ഥാനത്തെ അതി ദരിദ്രരെ നിർണ്ണയിക്കാൻ ഉപയോഗിച്ച മാനദണ്ഡങ്ങൾ, അതിനായി ആരാണ് സർവ്വേ നടത്തിയത് എന്ന ചോദ്യങ്ങളോടൊപ്പം തന്നെ സർക്കാരിന്റെ ഈ അവകാശവാദത്തെ വിവിധ കണക്കുകളും വസ്തുതകളും നിരത്തി ചോദ്യം ചെയ്യുന്നുമുണ്ട്. നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക സാമ്പത്തിക പ്രശ്നമാണ് ദാരിദ്ര്യം. അതിദാരിദ്ര്യ നിർമാർജ്ജനം ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ട പ്രശ്‌നമല്ല. അതിനെ ഒരു പ്രചാരവേലയാക്കുന്നത് അസ്വീകാര്യമാണ്. അതുകൊണ്ട്, ഈ വരുന്ന കേരളപ്പിറവി ദിനത്തിൽ സംസ്ഥാന സർക്കാർ നടത്താൻപോകുന്ന “അതിദരിദ്രമുക്ത കേരളം” പ്രഖ്യാപനത്തിന് മുമ്പ് ശരിയായ വിവരങ്ങളുടെയും വസ്‌തുതകളുടെയും അടിസ്ഥാനത്തിലുള്ള ഉത്തരങ്ങൾ മേൽ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും നൽകണമെന്ന് ഞങ്ങൾ വിനയ പൂർവ്വം അഭ്യർത്ഥിക്കുന്നു എന്ന് ആവശ്യപ്പെട്ടുകൊണ്ട് അവസാനിക്കുന്ന കത്ത് സർക്കാരിന്റെ പ്രഖ്യാപനത്തിലെ കള്ളത്തരങ്ങളെ പുറത്തുകൊണ്ടുവരാൻ സഹായിക്കുന്നതാണ്.
> അതിദാരിദ്ര്യവും നിയമസഭയും
കേരളപിറവിയുടെ 69-ാം വാർഷിക ദിനത്തിൽ ചേർന്ന നിയമസഭാ സമ്മേളത്തെ പറ്റിയില്ല ഇവിടെ നാം സംസാരിക്കാൻ പോകുന്നത്. സംസ്ഥാനത്തെ അതിദാരിദ്ര്യത്തെ പറ്റി പിൽക്കാലങ്ങളിൽ നിയസമസഭയിൽ എന്തെങ്കിലും ചർച്ചകളോ ചോദ്യങ്ങളോ ഉണ്ടായിട്ടുണ്ടോ ഉണ്ടെങ്കിൽ അവ എന്താണ് നമ്മോട് സംസാരിക്കുന്നത് എന്നതാണ് നാം ഇവിടെ പരിശോധിക്കുന്നത്. സംസ്ഥാനത്ത് അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവർക്കുള്ള റേഷൻകാർഡുകൾ എത്ര പേർക്ക് നിലവിലുണ്ട് എന്ന ഷൊർണ്ണൂർ എം.എൽ.എ പി. മമ്മിക്കുട്ടിയുടെ ചോദ്യത്തിന് 2025 സെപ്റ്റംബർ 30 ന് ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി നൽകിയ മറുപടിയിൽ സംസ്ഥാനത്ത് 5,91,194 എ.എ.വൈ കാർഡുകൾ നിലവിലുണ്ട് എന്നതാണ് പറഞ്ഞിട്ടുള്ളത്. അതിദരിദ്ര വിഭാത്തിൽപ്പെട്ടവർക്കുള്ള റേഷൻകാർഡുകൾക്ക് വേണ്ടി പുതിയ അപേക്ഷകൾ സ്വീകരിക്കുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നും, കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡ പ്രകാരം ദരിദ്രരിൽ അതിദരിദ്രർ ആയിട്ടുള്ളവർക്കാണ് എ.എ.വൈ കാർഡുകൾ നൽകിവരുന്നത് എന്ന് മന്ത്രി വ്യക്തമാക്കുന്നുണ്ട്. ഈ നിയമസഭാ രേഖയെ ചൂണ്ടിക്കാട്ടി കേവലം ഒരു മാസം കൊണ്ട് സംസ്ഥാനത്തെ അതിദരിദ്രർ അപ്രത്യക്ഷമായോ എന്ന ചോദ്യം നവമാധ്യങ്ങളിൽ ഉയരുന്നുണ്ട്. സർക്കാരിന്റെ കള്ളക്കളി പുറത്തായി എന്ന വിമർശനത്തിനോട് ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്നും കാര്യമായ മറുപടികൾ ഒന്നും ഉണ്ടായിട്ടില്ല.

















































