തിരുവനന്തപുരം: കോഴിക്കോട് നോർത്ത് മുൻ എംഎൽഎ എ പ്രദീപ് കുമാറിനെ മുഖമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയായി നിയമിച്ചു. സിപിഎം സംസ്ഥാന കമ്മറ്റി അംഗമാണ്. കെകെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറിയായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു. ഇതേ തുടർന്നാണ് പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയായെത്തിയത്
പാർട്ടി നിയോഗിച്ച ചുമതല നന്നായി മുന്നോട്ടുകൊണ്ടുപോകുമെന്ന് എ പ്രദീപ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. 21ന് ചുമതലയേൽക്കുമെന്നും പ്രധാനപ്പെട്ട ചുമതലായാണെന്നും നല്ലരീതിയിൽ പ്രവർത്തിക്കാനാകുമെന്നാണ് കരുതുന്നതെന്നും പ്രദീപ് കുമാർ പ്രതികരിച്ചു. ഗവർണമെന്റിന്റെ മൂന്നാം ഊഴം ജനം നിശ്ചയിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിവൈഎഫ്‌ഐ നേതാവായാണ് പ്രദീപ് കുമാർ രാഷ്ട്രീയത്തിൽ സജീവമായത്. പിന്നീട് ജനപ്രതിനിധിയായ ശേഷം പ്രദീപ് കുമാർ കൊണ്ടു വന്ന പല പദ്ധതികളും ശ്രദ്ധേയമായിരുന്നു. അതേസമയം പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് നേരത്തെ പരിഗണിക്കപ്പെട്ടിരുന്ന പേരുകളിൽ പ്രദീപ് കുമാറിന്റെ പേര് ഉയർന്നു കേട്ടിരുന്നില്ല. കണ്ണൂരിൽ നിന്നുമൊരാൾ സ്ഥാനത്തെത്തുമെന്നായിരുന്നു സൂചന.
മൂന്ന് തവണ എംഎൽഎയായ പ്രദീപ് കുമാർ എസ്എഫ്ഐ, ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. 2019ൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും കോൺഗ്രസിലെ എംകെ രാഘവനോട് പരാജയപ്പെട്ടു.
അതേസമയം വിഭാഗീയതയുടെ സമയത്ത് വിഎസ് അച്യുതാനന്ദൻ പക്ഷക്കാരനായിരുന്നു പ്രദീപ് കുമാർ. അതുകൊണ്ട് തന്നെ സെക്രട്ടറിയേറ്റിലേക്കും മന്ത്രിസഭയിലേക്കും പ്രദീപ് കുമാർ പരിഗണിക്കപ്പെട്ടിരുന്നില്ല. പല തരത്തിലുള്ള അവഗണനകൾ നേരിട്ടുണ്ടെങ്കിലും ഗ്രൂപ്പ് വിഭാഗീയതയോടെ മാറ്റിനിർത്തിയവരെ ചേർത്ത് പിടിക്കുന്നുവെന്ന സൂചനയാണ് പ്രദീപ് കുമാറിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കുന്നത്.