തിരുവനന്തപുരം: ആശ സമരത്തിന്റെ പേരില്‍ സിപിഎമ്മിന്റെ നിലപാടുകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ച സാംസ്‌കാരിക നായകര്‍ എംപുരാന്‍ വിഷയത്തില്‍ തുടരുന്ന മൗനത്തിനെതിരേ രൂക്ഷ വിമര്‍ശനം. ആശ സമര വേദികളിലെത്തുകയും സിപിഎം ചര്‍ച്ചയ്ക്കു വിളിക്കണമെന്നും ആവര്‍ത്തിച്ച് ആവശ്യപ്പെട്ട സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍, സാറ ജോസഫ്, ജെ. ദേവിക തുടങ്ങിയവര്‍ എംപുരാനെതിരായ സംഘപരിവാര്‍ ആക്രമണത്തിന് എതിരേ മൗനം പാലിക്കുന്നതാണ് ഇടതു ഹാന്‍ഡിലുകളില്‍ വന്‍ ചര്‍ച്ചയാകുന്നത്.
മൂവരും ഈ നാട്ടില്‍ നടക്കുന്ന കോലാഹലങ്ങള്‍ അറിയുന്നില്ല എന്നതു സങ്കടകരമാണെന്നും ചരിത്ര പണ്ഡിതയും പ്രഫസറുമായ ജെ. ദേവിക ബൗദ്ധിക ഗരിമകൊണ്ടു പല സ്റ്റാന്‍ഡേര്‍ഡുകളും രൂപപ്പെടുത്തിയിട്ടും ഗോധ്ര കലാപത്തിലെ ആര്‍എസ്എസ് അജന്‍കള്‍ ചര്‍ച്ചയാക്കുന്ന സിനിമയുടെ സെന്‍സറിംഗിനെതിരേ ഒരു വാക്കുപോലും മിണ്ടിയിട്ടില്ല.
തുടക്കത്തില്‍ സിനിമയെ കലാസൃഷ്ടിയെന്ന നിലയില്‍ അനുകൂലിച്ച ബിജെപി നേതാക്കളും ആര്‍എസ്എസ് മുഖപത്രത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ നിലപാടു മാറ്റിയിരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും ഓര്‍ഗനൈസര്‍ സിനിമയ്‌ക്കെതിരേ രംഗത്തെത്തി. കേരളത്തിന്റെ മത-സാംസ്‌കാരിക മേഖലകളെ ഉന്നമിട്ടാണ് ഏറ്റവും പുതിയ ലേഖനത്തില്‍ അച്ചുനിരത്തിയത്. മുനമ്പത്തെ വഖഫ് ഭൂമി പ്രശ്‌നത്തില്‍ ഒരു വാക്കുപോലും മിണ്ടാതിരുന്ന പൃഥ്വിരാജ്, ലക്ഷദ്വീപ് കാമ്പെയ്‌നുമായി രംഗത്തുവന്ന വ്യക്തകൂടിയാണെന്നും ഹിന്ദുവിരുദ്ധ കാമ്പെയ്‌നുകള്‍ അദ്ദേഹത്തിന്റെ പതിവാണെന്നും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.
സിനിമയ്‌ക്കെതിരേ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കപ്പുറം അണിയറ പ്രവര്‍ത്തകരെ വ്യക്തിപരമായും മതപരമായും ഉന്നമിടുമ്പോള്‍ സിപിഎമ്മിനെ വിമര്‍ശിച്ചവര്‍ വായടച്ചിരിക്കുകയാണെന്നാണു വിമര്‍ശനം. ഇതടക്കം നിരവധി കാര്യങ്ങള്‍ വിമര്‍ശനങ്ങളില്‍ ഇടതുപക്ഷം ചൂണ്ടിക്കാട്ടുന്നുമുണ്ട്.
സിപിഎം ദേശീയ ഭരണകൂടത്തെ വിലയിരുത്തുന്നത് ഫാസിസ്റ്റ് എന്നല്ല നിയോ ഫാസിസ്റ്റ് എന്നാണെന്നും അതും നിയോ ഫാസിസ്റ്റ് ടെന്‍ഡന്‍സികള്‍ പ്രകടിപ്പിക്കുന്നു എന്നാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പറഞ്ഞത്. ശൂലവും വാളും എടുത്ത് സംഘപരിവാരം ഗ്രൗണ്ടില്‍ ഇറങ്ങുന്ന ചിത്രമാണ് കാണുന്നതെന്നും ഇന്നലെ മയിലാടും തുറയില്‍ ഡോ. ശ്യാമിനെ പ്രസംഗത്തിന്റെ പേരിലാണ് അക്രമിച്ചതെന്നും വിമര്‍ശകര്‍ പറയുന്നു.
ഇടതു ഹാന്‍ഡിലുകളിലെ വിമര്‍ശനം ഇങ്ങനെ തുടരുന്നു:
‘കേരളത്തിനെതിരായി നടത്തുന്ന വിദ്വേഷ പ്രചരണങ്ങള്‍ അപ്പാടെ സംഘ പരിവാര്‍ ആലയില്‍ വാര്‍ത്തെടുത്ത് വിളമ്പുന്നവയാണ്. കേരള സ്റ്റോറി മുതല്‍ കേരളം ആകെ മോശം എന്നതരത്തിലുള്ള കഥകളും കവിതകളും വരെ സംഘപരിവാറിന് ആയുധങ്ങളാണെന്നു മനസിലാക്കണം. നിങ്ങള്‍ വാളയാര്‍ ചുരത്തിനപ്പുറം പോയി നിന്ന് ആകാശം നോക്കി എന്റെ നാട്ടില്‍ തെളിഞ്ഞ ആകാശമെവിടെ എന്നു ഖേദിച്ച് ഖേദിച്ച് സര്‍ഗസൃഷ്ടി നടത്തുമ്പോള്‍ ഇതെന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നത് എന്നു ചോദിച്ചു പോകുന്ന സാധാരണ മനുഷ്യരോട് വരെ ഫാസിസ്റ്റ് രീതിയാണ് എന്നു പറയുന്ന നമ്മുടെ കഥാകാരും കവികളും സീന്‍ മാറുന്നതു കണ്ട് മാളത്തിലാണ്. കഥയുടെ പേരല്ല, പൊത്തിലാണ്.
രണ്ടാം തകഴി ഒരു അഭിമുഖം കൊടുക്കുന്നു. അതും ദേശാഭിമാനി വാരികയ്ക്ക്. ഒരു പാടു കാര്യങ്ങള്‍ പറയുന്നുണ്ടായിരുന്നു. കൂട്ടത്തില്‍ ഒന്നു കൂടെ പറഞ്ഞു വെച്ചു. വിശാല കുട്ടനാട്ടില്‍ പൊതുവെ ജാതി സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നില്ല എന്ന അര്‍ത്ഥത്തില്‍. കര്‍ഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെയൊക്കെ ചരിത്രത്തെ അപ്പാടെ റദ്ദാക്കിക്കളയുന്ന ഈ പ്രസ്താവന ദേശാഭിമാനി വീക്ക്‌ലിയില്‍ മുഖചിത്ര സഹിതം പ്രസിദ്ധമായി. ദേശാഭിമാനി വാരികയുടെ എഡിറ്റോറിയലുകാര്‍ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ ചരിത്രം നോക്കണം എന്നു വാശി പിടിക്കാനാവില്ലല്ലോ! സാഹിത്യ വാരികയല്ലേ?ഇതേ കാര്യം ജോസഫ് താരമംഗലം എന്ന സോഷ്യോളജിസ്റ്റ് അദ്ദേഹത്തിന്റെ വിശ്രുതമായ പുസ്തകത്തില്‍ പറയുന്നതിങ്ങനെയാണ് . തന്റെ പുലയന് വേണ്ടതെന്താണെന്ന് ഓരോ ജന്മിത്തമ്പുരാനും അറിയാം. ഇതു പറഞ്ഞിട്ട് താരമംഗലം എന്തായിരുന്നു പുലയന്റെ ആവശ്യം എന്നു പറഞ്ഞ് ഈ ബനവലന്‍സിന്റെ കള്ളി വെളിവാക്കുന്നുണ്ട്. പുലയനു വേണ്ടതു തമ്പുരാനറിയാം, തലയ്ക്കു മീതെ ഒരു ചെറ്റക്കൂര. സ്വന്തം കൂര നിറയാന്‍ അല്‍പ്പം കാടിയോ കഞ്ഞിയോ . തീര്‍ന്നു. ഈ പുലയന്‍ തമ്പുരാനോട് അചഞ്ചലമായ കൂറ് പുലര്‍ത്തിയിരുന്നുവത്രെ! ചതിയാലെ മടയില്‍ ചവിട്ടിത്താഴ്ത്തുമ്പോള്‍ മുഖം ചേറില്‍ പൂണ്ടു പോകും മുന്‍പേ അരോഗ ദൃഢഗാത്രനായ അയാള്‍ ‘ചോദിക്കുന്നുണ്ട്, എന്നോട് പറയാമായിരുന്നില്ലേ തമ്പ്രാനേ ? എത്ര സന്തോഷത്തോടെ ഞാനി ബലിയ്ക്ക് തയ്യാറാകുമായിരുന്നു എന്ന്. ഈ സ്ഥിതിയെയാണ് കുട്ടനാടിനു ജാതി സംഘര്‍ഷങ്ങള്‍ അന്യമായിരുന്നു എന്ന തരത്തില്‍ ദേശാഭിമാനിയില്‍ വന്നിരുന്നു വാദിക്കുന്നത്.
ഇടതുപക്ഷത്തിന്റെ ആശയാവിഷ്‌ക്കാര വിലക്കിനെ കുറിച്ച് വാചാലനായിരുന്ന പ്രസ്തുത കഥാകാരന്‍ എന്നെങ്കിലും സംഘ പരിവാരത്തിന്റെ കടന്നാക്രമണങ്ങളെ കുറിച്ച് പറയുമോ?
ആര്‍എസ്എസിന്റെ കേന്ദ്ര സര്‍ക്കാരിനെ ജാമ്യത്തിലെടുക്കാന്‍ നടക്കുന്ന സമരാഭാസത്തെ പൊക്കിക്കൊണ്ട് വന്ന് സിപിഎമ്മിന്റെ ഫാസിസം സംബന്ധിച്ച പ്രഭാഷണം ഇനിയും കേള്‍ക്കാം’ എന്നും വിമര്‍ശനത്തില്‍ ചൂണ്ടിക്കാട്ടുന്നു.