ഇംഗ്ലണ്ട് തട്ടകത്തിൽ അവരുടെ വിക്കറ്റുകൾ ഓരോന്നായി പിഴുതെടുക്കുമ്പോഴും ഒട്ടും സന്തോഷിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഇന്ത്യൻ വിജയത്തിന്റെ നെടുന്തൂണുകളിൽ ഒരാളായ ആകാശ്ദീപ്. എഡ്ജ്ബാസ്റ്റണിൽ കാർമേഘം മൂടിക്കെട്ടിയ മണ്ണിൽ ബുംറയില്ലാതെ പേസ്‌നിര വിയർക്കുമോ എന്ന ആശങ്കകളെ കാറ്റിൽ പറത്തിക്കൊണ്ട് തൻരെ കരിയറിൽ പത്ത് ടെസ്റ്റ് പോലും കളിച്ചിട്ടില്ലാത്ത ഒരു 28 കാരൻ ഇംഗ്ലീഷ് ബാറ്റർമാരെ വിറപ്പിക്കുമ്പോൾ കാത്തിരുന്ന കാണികൾക്കത് ആകാശ വിസ്മയം ആയേക്കാം. എന്നാൽ മത്സരത്തിൽ വിക്കറ്റുകൾ ഒന്നൊന്നായി പിഴുതെടുക്കുമ്പോഴും അത്ര സന്തോഷത്തിലായിരുന്നില്ല താരം.
കാരണം വേറൊന്നുമല്ല നാട്ടിൽ സ്വന്തം സഹോദരിയായ ജ്യോതി സിങ് കാൻസറിനോടുള്ള കടുത്ത പോരാട്ടത്തിലാണ്. മത്സരശേഷം ഈ ചരിത്രജയം സഹോദരിക്ക് വേണ്ടി സമർപ്പിക്കുന്നുവെന്ന് താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതുസംബന്ധിച്ച് പ്രതികരണം നടത്തിയിരിക്കുകയാണ് ജ്യോതി സിങ്.
ഇന്ത്യ ടുഡെയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ജ്യോതിയുടെ വാക്കുകൾ ഇങ്ങനെ-
ഇത് ഇന്ത്യക്ക് അഭിമാനകരമാണ്. അവൻ 10 വിക്കറ്റ് വീഴ്ത്തിയിരിക്കുന്നു. ഇംഗ്ലണ്ട് പര്യടനത്തിന് മുൻപ് ഞങ്ങൾ വിമാനത്താവളത്തിൽ പോയി അവനെ കണ്ടു. എനിക്ക് ഒരു കുഴപ്പവുമില്ലെന്നും എന്നെക്കുറിച്ച് വിഷമിക്കേണ്ടെന്നും ഞാൻ അവനോട് പറഞ്ഞു. രാജ്യത്തിന് വേണ്ടി നന്നായി കളിക്കാനും പറഞ്ഞു. ഞാൻ കാൻസറിന്റെ മൂന്നാം ഘട്ടത്തിലാണ്. ഡോക്ടർ പറഞ്ഞിരിക്കുന്നത് ചികിത്സ ആറ് മാസത്തോളം തുടരണമെന്നാണ്.-
ആകാശ് വിക്കറ്റ് നേടുമ്പോൾ എനിക്ക് വലിയ സന്തോഷം തോന്നും. അവന് വിക്കറ്റ് കിട്ടുമ്പോൾ ഞങ്ങളെല്ലാവരും വലിയ ശബ്ദത്തിൽ കൈയ്യടിക്കാനും ആർപ്പുവിളിക്കാനും തുടങ്ങും. തനിക്ക് കാൻസറാണെന്ന വിവരം ആകാശ്ദീപ് നേരത്തേ വെളിപ്പെടുത്തിയിരുന്നെന്ന് അറിയില്ലായിരുന്നുവെന്നും ജ്യോതി പറഞ്ഞു.
‘ആകാശ് അങ്ങനെ പറയുമെന്ന് ഞാൻ വിചാരിച്ചില്ല. അത് പരസ്യമായി സംസാരിക്കാൻ ഞങ്ങൾ തയ്യാറായിരുന്നില്ല. പക്ഷെ അവൻ വികാരഭരിതനായി എനിക്ക് വേണ്ടി പറഞ്ഞ രീതിയും ജയം എനിക്ക് സമർപ്പിച്ചതും വലിയ കാര്യമാണ്. അത് നമ്മുടെ കുടുംബത്തോടും എന്നോടുമുള്ള സ്നേഹം എത്ര വലുതാണെന്ന് കാണിക്കുന്നു. വീട്ടിൽ ഈ സാഹചര്യമായിരുന്നിട്ടും അവിടെ കളിക്കുകയും വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്യുന്നത് വളരെ വലിയ കാര്യമാണ്. ഞാൻ അവന് ഏറ്റവും അടുപ്പമുള്ള ആളാണ്.’
‘അതുപോലെ എൻ്റെ കാൻസർ ചികിത്സയ്ക്കിടെ എന്നെ ഏറ്റവും കൂടുതൽ പ്രചോദിപ്പിച്ചത് അവനായിരുന്നു. ഞാൻ അവനോട് വിഷമിക്കേണ്ടെന്നും എൻ്റെ ഭർത്താവ് കൂടെയുണ്ടെന്നും പറയുമായിരുന്നു. ഓരോ മത്സരത്തിന് മുൻപും ശേഷവും അവൻ വീട്ടിലേക്ക് വീഡിയോ കോൾ ചെയ്യും. ഇതെല്ലാം ചെയ്യുന്നതും വിക്കറ്റുകൾ നേടുന്നതും എനിക്കും രാജ്യത്തിനും വേണ്ടിയാണെന്ന് അവൻ പറയാറുണ്ടായിരുന്നു.’
അതേസമയം എഡ്ജ്ബാസ്റ്റണിൽ ആദ്യമായാണ് ഇന്ത്യ ജയിക്കുന്നത്. ഇതുവരെ ഏഴു തോൽവിയും ഒരു സമനിലയുമാണ് ഇവിടെ ഇന്ത്യൻ അക്കൗണ്ടിലുണ്ടായിരുന്നത്. എന്നാൽ എഡ്ജ്ബാസ്റ്റണിൽ പത്തുവിക്കറ്റ് നേടുന്ന നാലാമത്തെ താരമായി ആകാശ് ദീപ് മാറി. ഇതാദ്യമായിട്ടാണ് ടെസ്റ്റ് ക്രിക്കറ്റിൽ രണ്ട് ഇന്നിങ്‌സുകളിലുമായി ഇന്ത്യയുടെ മൊത്തം സ്കോർ 1000 കടക്കുന്നത്. ഇതിനുമുമ്പ് 2004-ൽ ഓസ്‌ട്രേലിയക്കെതിരേ രണ്ട് ഇന്നിങ്‌സുകളിലുമായി 916 റൺസ് നേടിയതായിരുന്നു റെക്കോഡ്.