തുറവൂർ: അരൂർ തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന എരമല്ലൂർ തെക്കുഭാഗത്ത് ഗർഡറുകൾ സ്ഥാപിക്കുമ്പോൾ ജാക്കിയിൽ നിന്ന് തെന്നി മാറിയ കോൺക്രീറ്റ് ഗാർഡറുകൾ അതുവഴി പോയ വാഹനത്തിനു മുകളിൽ പതിച്ച് ഡ്രൈവർക്കു ദാരുണാന്ത്യം. തെന്നിമാറിയ ഗാർഡറുകൾ പതിച്ചതു പാതയിലൂടെ പോയ പിക്കപ്പ് വാനിന് മുകളിലാണ്. അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവർ ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ 2.30 നായിരുന്നു സംഭവം. 3 ഗർഡറുകളാണ് ഈ ഭാഗത്ത് സ്ഥാപിച്ചത്. ഇതിൽ ഒരെണ്ണം പൂർണമായി നിലംപതിച്ചു. മറ്റൊന്ന് ചരിഞ്ഞ നിലയിലാണ്. മൂന്നര മണിക്കൂറിനുശേഷമാണ് ഗർഡർ ഉയർത്തി വാഹനം പൊളിച്ച് മൃതദേഹം പുറത്തെടുത്തത്. അപകടമുണ്ടായതോടെ വാഹനങ്ങൾ വഴിതിരിച്ചു വിട്ടു. ചേർത്തല ഭാഗത്തുനിന്ന് എറണാകുളത്തേക്കുള്ള വാഹനങ്ങൾ അരൂക്കുറ്റി വഴി അരൂർ ക്ഷേത്രത്തിന്റെ ഭാഗത്തുകൂടി എറണാകുളത്തേക്ക് വഴി തിരിച്ചു വിട്ടു.

















































