തൃശൂർ: വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികയുടെ കാലിനും ഇടുപ്പെല്ലിനും പരുക്ക്. തേയില തോട്ടം തൊഴിലാളി അന്നലക്ഷ്മി(67)യ്ക്കാണ് പരുക്കേറ്റത്. മാനമ്പിള്ളി ഫോറസ്റ്റ് റിസർവിനു കീഴിലുള്ള ഇടിആർ എസ്റ്റേറ്റിൽ വച്ചായിരുന്നു സംഭവം. ഇവിടെ 12 വീടുകൾ അടങ്ങിയ ലയം ഉണ്ടായിരുന്നു. ഇവിടേക്കാണ് കാട്ടാന എത്തിയത്.
രാത്രി ശബ്ദം കേട്ട് വീടിനു പുറത്തിറങ്ങിയപ്പോൾ അന്നലക്ഷ്മിയെ, ആന തുമ്പിക്കൈ കൊണ്ട് പിന്നിൽനിന്ന് തട്ടി വീഴ്ത്തി കാൽ ചവിട്ടി ഒടിക്കുകയായിരുന്നു.
അയൽവക്കത്തെ വീടുകളിലെ ആളുകൾ ഉണർന്ന് ബഹളം വച്ചതിനെ തുടർന്നാണ് കാട്ടാന പിൻവാങ്ങിയത്. അന്നലക്ഷ്മിയെ വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിലെത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് മാറ്റി.