തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വോട്ടെടുപ്പിൽ ഓരോ ബൂത്തിലും പരമാവധി വോട്ടർമാരുടെ എണ്ണം 1500ൽ നിന്ന് 1200 ആയി കുറയ്‌ക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ. അതുപോലെ പോളിംഗ് സ്‌റ്റേഷനിൽ എത്തുന്നവർക്ക് മൊബൈൽ ഫോൺ സൂക്ഷിക്കാൻ പ്രത്യേക സൗകര്യം ഒരുക്കുമെന്നും തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
കൂടാതെ വോട്ടെടുപ്പുദിവസം രാഷ്ട്രീയപാർട്ടികൾ ക്രമീകരിക്കുന്ന ബൂത്തുകളുടെ ദൂരപരിധി പ്രവേശന കവാടത്തിൽ നിന്നും 100 മീറ്റർ ആയി കുറയ്ക്കും. അതുപോലെ കള്ളവോട്ട് തടയാൻ പ്രത്യേക ക്രമീകരണം ഒരുക്കാനും തയ്യാറെടുക്കുകയാണ് ഇലക്ഷൻ കമ്മീഷൻ.
ഇനിമുതൽ വോട്ടർ കാർഡ് നമ്പർ ഇരട്ടിപ്പ് പ്രശ്‌നം ഉണ്ടാകാതിരിക്കാൻ ഓരോരുത്തർക്കും പ്രത്യേക നമ്പർ ഉള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നൽകുന്ന നടപടികൾ കമ്മീഷൻ ആരംഭിച്ചു. മാധ്യമ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു കേൽകർ ഐഎഎസ്, കേന്ദ്ര ഇലക്ഷൻ കമ്മീഷൻ ഡെപ്യൂട്ടി ഡയറക്ടർ പി പവൻ എന്നിവർ നടത്തിയ സംവാദത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.


















































