അടൂർ: ഡിവൈഎഫ്‌ഐ പ്രവർത്തകൻ കഞ്ചാവുമായി പോലീസ് പിടിയിലായി. പത്തനംതിട്ട അടൂർ സ്വദേശി മുഹമ്മദ് സബീറാണ് പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്നു മൂന്ന് ഗ്രാം കഞ്ചാവാണ് പിടികൂടിയതെന്നാണ് പോലീസ് പറയുന്നത്. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ പോലീസ് വിട്ടയക്കുകയും ചെയ്തു. എന്നാൽ പോലീസ് അളവ് കുറച്ചു കാണിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകനെ രക്ഷപ്പെടുത്തിയെന്നാരോപിച്ച് യൂത്ത്‌കോൺഗ്രസ് പ്രവർത്തകർ അടൂർ പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി.
അതേസമയം അടൂരിലെ വീടിന് സമീപത്ത് നിന്നാണ് കഞ്ചാവുമായി സബീറിനെ കഴിഞ്ഞ ദിവസം രാത്രി പിടികൂടിയത്. ദിവസങ്ങൾക്ക് മുമ്പ് ഡിവൈഎഫ്‌ഐ അടൂരിൽ സംഘടിപ്പിച്ച മാർച്ചിനിടെ കോൺഗ്രസിന്റെ കൊടിമരം നശിപ്പിച്ച ആളാണ് സബീർ. കൊടിമരം നശിപ്പിക്കുന്നതിന്റെ വീഡിയോ സബീർ റീൽസാക്കി സാമാഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കഞ്ചാവുമായി ഇയാൾ പിടിയിലാകുന്നത്.
സബീറിൽ നിന്ന് കൂടുതൽ അളവിൽ കഞ്ചാവ് പിടിച്ചിട്ടുണ്ടെന്നും സ്റ്റേഷൻ ജാമ്യം കിട്ടാനായി മൂന്ന് ഗ്രാമാക്കി സിപിഎം നേതൃത്വവുമായി ഒത്തു കളിച്ചെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.