തൃശൂർ: ദേശീയ പാത 544ൽ സുഗമമായ ഗതാഗതസൗകര്യം ഉറപ്പുവരുത്തുന്നതുവരെ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾപിരിവ് താൽക്കാലികമായി നിർത്തിവച്ച് തൃശൂർ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടു. ദേശീയപാതയിലെ അടിപ്പാത നിർമാണ മേഖലയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് പൊലീസിന്റെ സഹായത്തോടെ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കുന്നതിന് ദേശീയപാത അതോറിറ്റിക്ക് കലക്ടർ നിർദേശം നൽകി. ഉത്തരവ് ദേശീയപാത അതോറിറ്റി പാലിക്കുന്നുണ്ടെന്ന് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഉറപ്പുവരുത്തണമെന്നും സുഗമമായ ഗതാഗതസൗകര്യം ഉറപ്പായതിനു ശേഷം നിർദേശം പുനഃപരിശോധിക്കുമെന്നും ഉത്തരവിൽ പറയുന്നു.
ദേശീയപാത 544ൽ ചിറങ്ങര അടിപ്പാത നിർമാണ സ്ഥലത്തും പരിസരത്തും വ്യാപകമായ ഗതാഗതക്കുരുക്കാണെന്ന പരാതിയെത്തുടർന്ന് ദേശീയ പാത അതോറിറ്റിയുമായി 2025 ഫെബ്രുവരി 25, ഏപ്രിൽ നാല്, 22 തിയതികളിൽ ജില്ലാ ഭരണകൂടം ചർച്ചകൾ നടത്തിയിരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് ടോൾ പിരിവ് നിർത്തലാക്കുന്നതിന് ഏപ്രിൽ 16ന് എടുത്ത തീരുമാനം ദേശീയപാത അതോറിറ്റി സാവകാശം ആവശ്യപ്പെട്ടതിനാൽ പിൻവലിച്ചിരുന്നു. ഏപ്രിൽ 28നകം ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടില്ലെങ്കിൽ ഏപ്രിൽ 16ലെ തീരുമാനം നടപ്പിലാക്കുമെന്ന് 22ലെ യോഗത്തിൽ തീരുമാനിച്ചു.
എന്നാൽ ദേശീയപാത അതോറിറ്റി ഈ നിർദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതോടെയാണ് തീരുമാനം. ചാലക്കുടി ഡിവൈഎസ്പി, ചാലക്കുടി ആർടിഒ, ചാലക്കുടി തഹസിൽദാർ എന്നിവർ നടത്തിയ സംയുക്ത പരിശോധനയിൽ പേരാമ്പ്ര, മുരിങ്ങൂർ, ചിറങ്ങര എന്നിവിടങ്ങളിലെ അടിപ്പാത നിർമാണ മേഖലകളിൽ ആവശ്യമായ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കുകയോ ഫ്ലാഗ്‌മാനെ നിയോഗിക്കുകയോ ചെയ്തിട്ടില്ലെന്നു വ്യക്തമായിരുന്നു. ആഴത്തിൽ കുഴിയെടുത്തിട്ടുള്ള ഭാഗങ്ങളിൽ മതിയായ സംരക്ഷണ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടില്ലെന്നും സർവീസ് റോഡിനു സമീപത്തെ ഇലക്ട്രിക് പോസ്റ്റുകൾ എല്ലാം മാറ്റിയിട്ടില്ലെന്നും പരിശോധനാ റിപ്പോർട്ടിൽ പറയുന്നു. മെയിൻ റോഡുകളിൽനിന്ന് സർവീസ് റോഡുകളിലേക്കു പ്രവേശിക്കുന്ന സ്ഥലങ്ങളിൽ എല്ലായിടത്തും വീതി കൂട്ടിയിട്ടില്ല, റോഡിന്റെ ഉയരം ക്രമീകരിക്കുകയോ മതിയായ വെളിച്ചം, ആവശ്യത്തിന് മുന്നറിയിപ്പ് ബോർഡുകൾ എന്നിവ ഉറപ്പാക്കിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
Paliyekkara Toll Plaza National Highway Kerala News Latest News Thrissur News
Thrissur Collector Halts Toll Collection at Paliyekkara Toll Plaza Amidst Highway Congestion: Thrissur District Collector Arjun Pandyan temporarily suspended toll collection at the Paliyekkara toll plaza due to ongoing traffic congestion caused by the Chirangara underpass construction.