വാഷിങ്ടൻ: ഏതെങ്കിലും ഒ!രു രാജ്യം ഖത്തറിനെ ആക്രമിച്ചാൽ സൈനിക നടപടി സ്വീകരിക്കുന്നത് ഉൾപ്പെടെയുള്ള സുരക്ഷാ നടപടികൾ ഉറപ്പാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതു സംബന്ധിച്ചുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. ഖത്തറിനെതിരായ ആക്രമണം യുഎസിന് ഭീഷണിയാണെന്നും ഖത്തറിന്റെ പരമാധികാരത്തിനോസ അടിസ്ഥാന സൗകര്യങ്ങൾക്കോ നേരെയുള്ള ഏതൊരു സായുധ ആക്രമണത്തെയും യുഎസിനുള്ള ഭീഷണിയായി കണക്കാക്കുമെന്നും എക്സിക്യൂട്ടീവ് ഉത്തരവിൽ പറയുന്നു.
അങ്ങനെയൊരു ആക്രമണമുണ്ടായാൽ, യുഎസിന്റെയും ഖത്തറിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും നയതന്ത്രപരവും സാമ്പത്തികവും ആവശ്യമെങ്കിൽ സൈനികവുമായ എല്ലാ നിയമപരവും ഉചിതവുമായ നടപടികളും അമേരിക്ക സ്വീകരിക്കും’’ – ട്രംപ് വ്യക്തമാക്കി.
അതേസമയം ഖത്തറിൽ യുഎസ് സൈന്യത്തിന് താവളമുണ്ട്. പകരമായി ഖത്തറിന്റെ സുരക്ഷയും യുഎസ് ഉറപ്പാക്കുന്നുണ്ട്. എന്നാൽ ഇതിനെ മറികടന്നാണ് കഴിഞ്ഞ മാസം യുഎസിന്റെ സഖ്യകക്ഷിയായ ഇസ്രയേൽ ദോഹയിൽ ആക്രമണം നടത്തിയത്. പിന്നീട് യുഎസ് സന്ദർശവേളയിൽ ഖത്തറിന്റെ പരമാധികാരത്തെ മറികടന്നുള്ള ആക്രമണത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി മാപ്പു ചോദിച്ചിരുന്നു. ഖത്തർ പ്രധാനമന്ത്രിയെ വിളിച്ചാണ് നെതന്യാഹു ഖേദം പ്രകടിപ്പിച്ചത്.
എക്സിക്യൂട്ടീവ് ഉത്തരവിലെ പ്രധാന നിർദേശങ്ങൾ ഇങ്ങനെ
∙ഖത്തറിന്റെ പ്രദേശത്തിനോ, പരമാധികാരത്തിനോ, നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾക്കോ നേരെയുള്ള ഏതൊരു സായുധ ആക്രമണത്തെയും യുഎസിന്റെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായി കണക്കാക്കും.
∙അത്തരമൊരു ആക്രമണം ഉണ്ടായാൽ, യുഎസിന്റെയും ഖത്തറിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും നയതന്ത്രപരവും സാമ്പത്തികവും ആവശ്യമെങ്കിൽ സൈനികവുമായ എല്ലാ നിയമപരവും ഉചിതവുമായ നടപടികളും യുഎസ് സ്വീകരിക്കും.
∙ഖത്തറിനെതിരായ ഏതൊരു വിദേശ ആക്രമണത്തിനും വേഗത്തിലുള്ളതും ഏകോപിതവുമായ പ്രതികരണം ഉറപ്പാക്കുന്നതിന്, സ്റ്റേറ്റ് സെക്രട്ടറിയുമായും നാഷണൽ ഇന്റലിജൻസ് ഡയറക്ടറുമായും ഏകോപിപ്പിച്ച് യുദ്ധ സെക്രട്ടറി, ഖത്തറുമായി സംയുക്ത പദ്ധതി നടത്തണം.
∙സ്റ്റേറ്റ് സെക്രട്ടറി ഖത്തറിന് ഈ ഉറപ്പ് വീണ്ടും നൽകണം. തുടർന്ന് പരസ്പരം പിന്തുണ ഉറപ്പാക്കുന്നതിന് സഖ്യകക്ഷികളുമായും പങ്കാളികളുമായും ഏകോപനം നടത്തുകയും വേണം.