വാഷിങ്ടൻ: വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം. ‘നിങ്ങൾക്കും ഭാര്യക്കും മകനും സുരക്ഷിതമായി രാജ്യം വിടാൻ വഴിയൊരുക്കാം. നിങ്ങളുടെ ഏറ്റവും അടുത്ത ആളുകളെയും രക്ഷിക്കാം. ഉടനടി രാജിവയ്‌ക്കണം, രാജ്യം വിടണം.’ – മഡുറോയോട് ട്രംപ് പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്‌തു.
എന്നാൽ, ഉടനടി സ്ഥാനമൊഴിയാൻ വിസമ്മതിച്ച നിക്കോളാസ് മഡുറോ, നിയമനടപടികളിൽ നിന്ന് ഒഴിവാക്കണമെന്നും രാഷ്ട്രീയ നിയന്ത്രണം വിട്ടുനൽകാമെങ്കിലും സായുധ സേനയുടെ നിയന്ത്രണം നിലനിർത്താൻ അനുവദിക്കണമെന്നും ഉൾപ്പെടെ ഏതാനും ആവശ്യങ്ങൾ ഉന്നയിച്ചതായും റിപ്പോർട്ടുകളുണ്ട്.
മഡുറോയുമായി ഫോണിൽ സംസാരിച്ചെന്ന് സ്‌ഥിരീകരിച്ച ട്രംപ്, എന്നാൽ അതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ തയാറായില്ല. ‘നല്ല രീതിയിലാണോ മോശം രീതിയിലാണോ സംഭാഷണം നടന്നതെന്ന് ഞാൻ പറയില്ല. അതൊരു ഫോൺ സംഭാഷണം ആയിരുന്നു.’ – ട്രംപ് പറഞ്ഞു. നവംബർ 21 ന് നടന്നതായി സൂചനയുള്ള ഫോൺ സംഭാഷണത്തിന്റെ വിവരങ്ങൾ പുറത്തുവിടാൻ യുഎസ്, വെനസ്വേല സർക്കാരുകളും തയാറായിട്ടില്ല.


















































