ടെൽഅവീവ്: ഗാസയിൽ സമാധാനം പുലർന്നുവെന്നും യുദ്ധം അവസാനിച്ചുവെന്നും ഇനി സമാധാനം മാത്രമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രയേൽ പാർലമെന്റിൽ സംസാരിക്കുകയായിരുന്നു ട്രംപ്. പശ്ചിമേഷ്യയ്ക്ക് ഇത് ചരിത്ര മുഹൂർത്തമാണ്. മിഡിൽ ഈസ്റ്റ് എന്നന്നേക്കും സമാധാനത്തിൽ ജീവിക്കുമെന്നും തീവ്രവാദവും മരണവും അവസാനിച്ചുവെന്നും ട്രംപ് പറഞ്ഞു.
ഇനിയങ്ങോട്ടുള്ള കാലം പ്രതീക്ഷകളുടേതും സമാധാനത്തിന്റേതുമാണെന്ന് പറഞ്ഞ ട്രംപ്, കാലങ്ങളായി നിലനിൽക്കുന്ന നിരവധി ആഗോള സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ താൻ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും യുദ്ധങ്ങൾ അവസാനിപ്പിക്കലാണ് തന്റെ ലക്ഷ്യമെന്നും വ്യക്തമാക്കി. ഇതിനോടകം താൻ ഇടപെട്ട് എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നാലെ വീണ്ടും ഇന്ത്യ- പാക് സംഘർഷം അവസാനിപ്പിച്ച കഥയും വെളിപ്പെടുത്തി.
അതേസമയം ഹമാസിനെ പൂർണമായും നിരായുധീകരിക്കും. വെടിനിർത്തൽ കരാർ പൂർത്തിയാക്കുന്നതിൽ ഖത്തർ വലിയ സഹായമായിരുന്നുവെന്ന് പറഞ്ഞ ട്രംപ്, അറബ് നേതാക്കളെയും മുസ്ലിം സമൂഹത്തെയും പ്രശംസിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും ട്രംപ് പ്രശംസിക്കുകയുണ്ടായി. ഇനി യുദ്ധമില്ല ബീബി(നെതന്യാഹു), നിനക്ക് അല്പം സമാധാനിക്കാം എന്നായിരുന്നു ട്രംപ് ചിരിയോടെ പറഞ്ഞത്. ഇറാനുമായി കരാറിന് താൽപര്യമുണ്ടെന്ന് ട്രംപ് പ്രസംഗത്തിൽ പറഞ്ഞു. ഇറാൻ തയ്യാറാണെങ്കിൽ ഞങ്ങളും തയ്യാറാണ്, ഇറാൻ ഇതുവരെ എടുത്തിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച തീരുമാനമായിരിക്കും അതെന്നും ട്രംപ് വ്യക്തമാക്കി.
നെതന്യാഹുവിനൊപ്പം പാർലമെന്റ് സെനറ്റിലെത്തിയ ട്രംപിനെ ഒരുവിഭാഗം എഴുന്നേറ്റ് കയ്യടികളോടെയാണ് സ്വീകരിച്ചതെങ്കിലും ഇടത് എംപിമാർ പ്രതിഷേധ മുദ്രാവാക്യവും ‘വംശീയത’ എന്ന് എഴുതി പോസ്റ്ററുകളും ഉയർത്തി. ട്രംപിന്റെ പ്രസംഗം തടസപ്പെടുത്തിയതോടെ ഇവരെ സുരക്ഷാസേന പുറത്താക്കി. ഇസ്രയേൽ സന്ദർശനത്തിന് പിന്നാലെ ട്രംപ്, ഗസ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഈജിപ്തിലേക്ക് തിരിക്കും. ചെങ്കടൽ തീരത്തെ ഷാമൽ ഷെയ്ഖ് നഗരത്തിൽ നടക്കുന്ന ഉച്ചകോടിയിൽ ഇരുപതോളം ലോക് നേതാക്കളാണ് പങ്കെടുക്കുക. നെതന്യാഹു ഉച്ചകോടിയിൽ പങ്കെടുക്കില്ല.