ബാഗൽകോട്ട്: കർണാടകയിൽ സ്പെഷ്യൽ സ്കൂളിൽ ഭിന്നശേഷിക്കാരനായ 16കാരന് ക്രൂര മർദനം, കുട്ടിയുടെ കൈകാലുകൾ കെട്ടി കണ്ണിൽ മുളകുപൊടി വിതറി. കർണാടകയിലെ ബാഗൽകോട്ടിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രവർത്തിക്കുന്ന റെസിഡൻഷ്യൽ സ്കൂളിലാണ് ക്രൂരപീഡനം നടന്നത്. നവനഗർ പ്രദേശത്തെ ദിവ്യജ്യോതി സ്‌കൂൾ ഫോർ ഡിഫറൻ്റ്‌ലി ഏബിൾഡ് ചിൽഡ്രൻ എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്.
സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന വീഡിയോയിലൂടെയാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിയുന്നത്. ദൃശ്യങ്ങളിൽ, സ്ഥാപന ഉടമ ബാലനെ ബെൽറ്റും പ്ലാസ്റ്റിക് പൈപ്പും ഉപയോഗിച്ച് തുടർച്ചയായി മർദിക്കുന്നതായി കാണാം. വേദനകൊണ്ട് നിലത്ത് വീണിട്ടും, കാലുകൾ പിടിച്ചുകെട്ടി ആക്രമണം തുടരുന്നതും കുട്ടി കരഞ്ഞ് നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവത്തിലെ പ്രധാന പ്രതിയായ അക്ഷയ് ഇൻഡുൽക്കർ എന്നയാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ ഭാര്യ ആനന്ദി കുട്ടിയുടെ കണ്ണിലേക്ക് മുളകുപൊടി എറിയുന്നതും വീഡിയോയിൽ കാണാം. ആക്രമണം നടക്കുമ്പോൾ മറ്റൊരു വ്യക്തി ക്രൂരമർദനം കണ്ട്ചിരിച്ചുകൊണ്ടിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
അതേസമയം സ്ഥാപനത്തിലെ മുൻ ജീവനക്കാരനാണ് വീഡിയോ പുറത്തുവിട്ടതെന്നാണ് വിവരം. സംഭവത്തെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അക്ഷയ് ഇൻഡുൽക്കർ, ഭാര്യ ആനന്ദി, സ്കൂളുമായി ബന്ധപ്പെട്ട മറ്റൊരു രണ്ടുപേർ എന്നിവരെ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
















































