കൊച്ചി: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി സുകാന്ത് പോലീസിന് മുന്നില്‍ കീഴടങ്ങി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സുകാന്തിന്റെ കീഴടങ്ങല്‍. ഇതോടെ കേരളാ പോലീസ് അരിച്ചു പെറുക്കിയ പ്രതി കൊച്ചിയില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. അറസ്റ്റ് ഒഴിവാക്കി കീഴടങ്ങലിലേക്ക് കാര്യങ്ങളെത്തിയെന്നതാണ് ശ്രദ്ധേയം. സുകാന്ത് രാജ്യം വിട്ടുവെന്ന് വരെ പ്രചരണമുണ്ടായിരുന്നു. സംസ്ഥാനം വിട്ട പ്രതിയെ എങ്ങനെ കണ്ടെത്തുമെന്നും ചോദ്യങ്ങള്‍ പോലീസില്‍ നിന്നുയര്‍ന്നു. അത്തരത്തിലൊരു പ്രതിയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് തൊട്ടുപിന്നാലെ പോലീസിന് മുന്നില്‍ കീഴടങ്ങിയത്.
ഇതോടെ പോലീസിന്റെ മൂക്കിന് താഴെ തന്നെ സുകാന്ത് ഉണ്ടായിരുന്നുവെന്ന് വ്യക്തം. കേരളാ പോലീസിന് നാണക്കേടായി മാറുകയാണ് ഈ കീഴടങ്ങല്‍. സുകാന്തിന്റെ കുഞ്ഞമ്മയുടെ മകന്‍ കൊച്ചിയിലാണ് താമസിച്ചിരുന്നത്. ഈ ബന്ധുവിന്റെ അടുത്ത് സുകാന്ത് ഉണ്ടാകുമെന്ന് മാധ്യമങളങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പക്ഷേ ഇതൊന്നും മുഖവിലയ്‌ക്കെടുത്തുള്ള അന്വേഷണം പോലീസിന്റെ ഭാഗത്തുണ്ടായില്ല. ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വിധി വരും വരെ സുകാന്തിന് ഒളിവില്‍ താമസിക്കാന്‍ അവസരമൊരുക്കിയെന്നാണ് ഉയരുന്ന സംശയം. മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതോടെ സുകാന്തിന് മുന്നില്‍ മറ്റൊരു സാധ്യതയില്ലാതെയായി. ഈ സാഹചര്യത്തിലാണ് കീഴടങ്ങല്‍. ഇതോടെ സുകാന്ത് ജയിലിലാകുമെന്നും ഉറപ്പായി.