ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്നും തിരിച്ചയക്കുന്ന 487 പേരില്‍ അമേരിക്ക നല്‍കിയത് 298 പേരുടെ വിവരങ്ങള്‍ മാത്രമെന്ന് റിപ്പോര്‍ട്ടുകള്‍. കൊടുംകുറ്റവാളികളെപ്പോലെ സ്വന്തം പൗരരെ നാടുകടത്തുന്ന വിവരം അറിഞ്ഞിട്ടും ട്രംപിനെ ഭയന്ന് മോദിസര്‍ക്കാര്‍ എതിര്‍ക്കാന്‍ തുനിഞ്ഞില്ലെന്നുള്ള റിപ്പോര്‍ട്ടുകള്‍ വെളിയില്‍ വന്നിരുന്നു. ഇതിനുപിന്നാലെയാണ് നാടുകടത്തിയവരുടെ വിവരങ്ങള്‍ നല്‍കിയില്ലെന്ന വിവരങ്ങളും പുറത്തുവരുന്നത്.
സ്ത്രീകളും കുട്ടികളും അടക്കമുള്ള ഇന്ത്യന്‍ പൗരരെ കൈകാലുകള്‍ ബന്ധിച്ച് സൈനിക വിമാനത്തിലാണ് നാടുകടത്തുന്നതെന്ന വിവരം മുന്‍കൂട്ടി അറിയാമായിരുന്നുവെന്ന് വിദേശ സെക്രട്ടറി വിക്രം മിസ്രി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യക്കാരെ അമേരിക്ക ഈ വിധമാണ് അയക്കുന്നതെന്ന് മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നതായി വിദേശ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥിരീകരിച്ചത്. 40 മണിക്കൂര്‍ കൈകാലുകള്‍ ചങ്ങലയ്ക്കിട്ടാണ് ഇന്ത്യക്കാരെ കൊണ്ടുവരുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്‍കൂട്ടി അറിഞ്ഞിട്ടും ഇവര്‍ക്ക് പ്രത്യേക വിമാനം ഏര്‍പ്പെടുത്താനോ, വിലങ്ങ് അഴിപ്പിക്കാനോ ഒരു നടപടിയും എടുത്തില്ലെന്നതിന്റ സാക്ഷ്യപ്പെടുത്തലായി മിസ്രിയുടെ വാക്കുകള്‍.
487 ഇന്ത്യക്കാരെക്കൂടി അമേരിക്കയില്‍നിന്ന് നാടുകടത്താന്‍ ഉത്തരവായിട്ടുണ്ടെന്നും 298 പേരുടെ വിവരങ്ങള്‍ അവര്‍ കൈമാറിയെന്നും വിദേശ സെക്രട്ടറി പറഞ്ഞു. അമേരിക്കന്‍ സൈനികവിമാനം മുമ്പ് ഇന്ത്യയില്‍ ഇറങ്ങിയിട്ടുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല.
അമേരിക്കന്‍സൈനിക വിമാനത്തിന് പ്രവേശന അനുമതി നല്‍കിയത് നടപടിക്രമം പാലിച്ചാണ്. മുമ്പ് സൈനികവിമാനത്തില്‍ ഇന്ത്യക്കാരെ അയച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉടന്‍ മറുപടി നല്‍കാനാകില്ലെന്നും പ്രതികരിച്ചു. ഇനി കയറ്റിവിടുന്നവരോട് മോശമായി പെരുമാറരുതെന്ന് അമേരിക്കന്‍ അധികൃതരോട് ആവശ്യപ്പെട്ടതായും മിസ്രി പറഞ്ഞു.
അതേസമയം നാടുകടത്തിയവരുടെ വിവരങ്ങള്‍ കൈമാറണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി കഴിഞ്ഞ ദിവസം അറിയിച്ചത് ഇനി 487 ഇന്ത്യക്കാരെയാണ് അമേരിക്ക തിരിച്ചയക്കുക എന്നതാണ്. തിരിച്ചയക്കുന്ന ആളുകളെ സംബന്ധിച്ച പൂര്‍ണമായ വിവരങ്ങള്‍ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറേണ്ടതുണ്ട്.
Summary: Deported with 40 hours of handcuffs, half of the people not given their details; Even small countries protest, only India does not lift a finger